42 തദ്ദേശ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ്; വിജ്ഞാപനമായി

Update: 2022-04-20 15:14 GMT

തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പിന് വിജ്ഞാപനമായി. മെയ് 17ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്ന 42 തദ്ദേശ വാര്‍ഡുകളിലെയും വിജ്ഞാപനം പുറപ്പെടുവിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. നാമനിര്‍ദ്ദേശപത്രിക 27 വരെ വരണാധികാരിക്കോ ഉപവരണാധികാരിക്കോ സമര്‍പ്പിക്കാം. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ പത്രിക നല്‍കാം. സൂക്ഷ്മപരിശോധന ഏപ്രില്‍ 28നാണ്. 30 വരെ പത്രിക പിന്‍വലിക്കാം.

തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. സപ്ലിമെന്ററി വോട്ടര്‍പട്ടിക ഏപ്രില്‍ 25ന് പ്രസിദ്ധീകരിക്കും. വോട്ടെടുപ്പിനായി 94 പോളിങ് സ്‌റ്റേഷനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പോളിങ് ഉദ്യോഗസ്ഥരുടെ നിയമനം പൂര്‍ത്തിയായി വരികയാണ്. വോട്ടിങ് മെഷീന്‍ സംബന്ധിച്ച പരിശീലനം ഉടന്‍ ആരംഭിക്കും. ക്രമസമാധാന പാലനത്തിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വോട്ടെടുപ്പ് സമയം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ്. വോട്ടെണ്ണല്‍ മെയ് 18ന് രാവിലെ 10ന് ആരംഭിക്കും. 12 ജില്ലകളിലായി രണ്ട് കോര്‍പറേഷന്‍, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.

Tags:    

Similar News