കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തര്‍ക്കം; വട്ടിയൂര്‍ക്കാവില്‍ പീതാംബരക്കുറുപ്പിന്റെ സാധ്യത മങ്ങുന്നു

വട്ടിയൂര്‍ക്കാവില്‍ എന്‍ പീതാംബരക്കുറിപ്പിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരേയാണ് പ്രതിഷേധം ഉയര്‍ന്നത്. ജില്ലയിലെ കെപിസിസി ഭാരവാഹികളും ബ്ലോക്ക് സെക്രട്ടറിമാരുമാണ് കുറുപ്പിനെ പരസ്യമായി തള്ളിപ്പറഞ്ഞിരിക്കുന്നത്. പീതാംബരക്കുറിപ്പിനെ സ്ഥാനാര്‍ഥിയാക്കരുതെന്നാവശ്യപ്പെട്ട് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനുമുന്നില്‍ മണ്ഡലം കമ്മിറ്റികള്‍ പരസ്യമായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

Update: 2019-09-26 02:00 GMT

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയെച്ചൊല്ലി തര്‍ക്കം രൂക്ഷമാവുന്നു. നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക കെപിസിസി നേതൃത്വം തയ്യാറാക്കിയെങ്കിലും വട്ടിയൂര്‍ക്കാവ്, കോന്നി മണ്ഡസങ്ങളിലാണ് ഭിന്നത ഉടലെടുത്തിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇരുമണ്ഡലങ്ങളിലും മറ്റൊരു സ്ഥാനാര്‍ഥിയെ പരിഗണിക്കുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ് കെപിസിസി നേതൃത്വം. എഐസിസി സെക്രട്ടറി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കെപിസിസി ആസ്ഥാനത്ത് ബുധനാഴ്ച രാത്രിയും ഇതുസംബന്ധിച്ച് തിരക്കിട്ട ചര്‍ച്ചകള്‍ നടത്തി.

വട്ടിയൂര്‍ക്കാവില്‍ എന്‍ പീതാംബരക്കുറിപ്പിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരേയാണ് പ്രതിഷേധം ഉയര്‍ന്നത്. ജില്ലയിലെ കെപിസിസി ഭാരവാഹികളും ബ്ലോക്ക് സെക്രട്ടറിമാരുമാണ് കുറുപ്പിനെ പരസ്യമായി തള്ളിപ്പറഞ്ഞിരിക്കുന്നത്. പീതാംബരക്കുറിപ്പിനെ സ്ഥാനാര്‍ഥിയാക്കരുതെന്നാവശ്യപ്പെട്ട് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനുമുന്നില്‍ മണ്ഡലം കമ്മിറ്റികള്‍ പരസ്യമായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിമാര്‍ മുതിര്‍ന്ന നേതാക്കളോട് പരസ്യമായി മാധ്യമങ്ങള്‍ക്ക് മുന്നിലാണ് പ്രതിഷേധമറിയിച്ചത്. ജനസമ്മതരായ പ്രാദേശിക നേതാക്കള്‍ വേണം. മണ്ഡലത്തിലെ 25 ശതമാനവും 18- 25 വയസ്സിനിടയിലുള്ള യുവാക്കളാണ്. അതുകൊണ്ട് അത്തരത്തില്‍ അവരെ കൈയിലെടുക്കാന്‍ കഴിയുന്ന ഒരാള്‍ സ്ഥാനാര്‍ഥിയാവണം. കുറുപ്പിനേപ്പോലൊരാളെ മല്‍സരിപ്പിക്കരുത്. ബിജെപി ശക്തമായി മല്‍സരിക്കുന്ന സ്ഥലമാണ്. പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കണം. സ്വഭാവദൂഷ്യമില്ലാത്തയാളെയെങ്കിലും നിര്‍ത്തണ്ടേയെന്നും പ്രാദേശിക നേതൃത്വം ചോദിക്കുന്നു.

അതേസമയം, പീതാംബരക്കുറുപ്പിനെ സ്ഥാനാര്‍ഥിയാക്കണമെന്ന ഉറച്ചനിലപാടിലാണ് കെ മുരളീധരന്‍. വട്ടിയൂര്‍ക്കാവില്‍ ഏറ്റവും ജയസാധ്യതയുള്ള സ്ഥാനാര്‍ഥിയാവും മല്‍സരിക്കുകയെന്നും പ്രായം ഒരുഘടകമല്ലെന്നും മുരളീധരന്‍ പറയുന്നു. പീതാംബരക്കുറുപ്പിനെതിരായ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വിലയിരുത്തിയ നേതൃത്വം, പുനരാലോചനയ്ക്കുള്ള തയ്യാറെടുപ്പിലാണ്. കെ മോഹന്‍കുമാറിനെ പകരം പരിഗണിക്കാനുള്ള സാധ്യതയുമുണ്ട്. കോന്നിയില്‍ അടൂര്‍ പ്രകാശിന്റെ നോമിനിയായ റോബിന്‍ പീറ്ററിനെതിരേ പത്തനംതിട്ട ഡിസിസിയാണ് രംഗത്തെത്തിയത്. രാത്രി നടന്ന കൂടിക്കാഴ്ചയിലും റോബിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് അടൂര്‍ പ്രകാശ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. എറണാകുളത്ത് ടി ജെ വിനോദിനും അരൂരില്‍ എസ് രാജേഷിനുമാണ് മുന്‍ഗണന കല്‍പ്പിക്കുന്നത്. ഇന്ന് നടക്കുന്ന നിര്‍ണായക ചര്‍ച്ചകള്‍ക്കുശേഷം കെപിസിസി അന്തിമപട്ടികക്ക് രൂപം നല്‍കുമെന്നാണ് വിവരം. തുടര്‍ന്ന് സാധ്യതാപട്ടിക ഹൈക്കമാന്റിന് അയക്കും. 

Tags:    

Similar News