വയനാട്ടില്‍ ബസ് മറിഞ്ഞ് അപകടം; 19 പേര്‍ക്ക് പരിക്ക്

Update: 2019-09-18 06:55 GMT

കല്‍പ്പറ്റ: വയനാട്ടില്‍ സ്വകാര്യ ലക്ഷ്വറി ബസ് മറിഞ്ഞ് 19 പേര്‍ക്കു പരിക്ക്. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന എ വണ്‍ ട്രാവല്‍സാണ് അപകടത്തില്‍പ്പെട്ടത്. കല്‍പറ്റയ്ക്കടുത്ത് മടക്കിമലയിലായിരുന്നു അപകടം. പരിക്കേറ്റവരെ കല്‍പറ്റ ജനറല്‍ ആശുപത്രിയിലും മറ്റൊരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

    ബുധനാഴ്ച രാവിലെ 5.30ഓടെയാണ് അപകടം. ബസ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ചാണ് മറിഞ്ഞത്. അപകടം സംഭവിച്ച ഉടന്‍ തടിമില്ലിലെ ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഓടിക്കൂടിയ നാട്ടുകാരും പോലിസും ചേര്‍ന്നാണ് പരിക്കേറ്റവരെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചത്. അപകട സാധ്യതയുള്ള ഇവിടെ നേരത്തെ അപകടങ്ങള്‍ പതിവായതിനാല്‍ റോഡില്‍ ഹംപുകള്‍ സ്ഥാപിച്ചിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പോലിസും മോട്ടോര്‍ വാഹന വകുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.





Tags:    

Similar News