ബുൾബുൾ: നാളെ നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബുള്‍ബുളിന്റെ സ്വാധീനംകാരണം കേരളത്തില്‍ കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നുണ്ട്.

Update: 2019-11-08 09:13 GMT

തിരുവനന്തപുരം: മഹ ഭീതി ഒഴിഞ്ഞതിനു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ബുള്‍ബുള്‍ ചുഴലിക്കാറ്റായി. ഈ ചുഴലിക്കാറ്റ് ഇന്ന് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നും പ്രവചനമുണ്ട്. ഇത് ഇപ്പോഴത്തെ പാതയില്‍നിന്നു തിരിഞ്ഞ് പശ്ചിമബംഗാള്‍, ബംഗ്ലാദേശ് തീരത്തേക്കു പോകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാവകുപ്പ് അറിയിച്ചു.

ബുള്‍ബുളിന്റെ സ്വാധീനംകാരണം കേരളത്തില്‍ കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍, കഴിഞ്ഞദിവസം പ്രഖ്യാപിച്ച മഞ്ഞജാഗ്രതയില്‍ കാലാവസ്ഥാവകുപ്പ് മാറ്റംവരുത്തി. ശനിയാഴ്ചയും ഞായറാഴ്ചയും കൂടുതല്‍ ജില്ലകളില്‍ ശക്തമായ മഴപെയ്യാന്‍ സാധ്യതയുണ്ട്.

ഇന്ന് ഇടുക്കി ജില്ലയില്‍ മാത്രമാണ് കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത്. ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഞായറാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലും മഞ്ഞജാഗ്രത നിലവിലുണ്ട്. അതേസമയം, അറബിക്കടലില്‍ രൂപംകൊണ്ട 'മഹ' ചുഴലിക്കാറ്റിന്റെ ശക്തികുറഞ്ഞ് ന്യൂനമര്‍ദ്ദമായി മാറിയിട്ടുമുണ്ട്.

Tags:    

Similar News