പെപ്പര്‍ സ്പ്രേ അടിച്ച് ജ്വല്ലറിയില്‍ മോഷണം നടത്തിയ സഹോദരങ്ങള്‍ അറസ്റ്റില്‍

Update: 2026-01-22 07:28 GMT

കളമശ്ശേരി: കളമശ്ശേരിയില്‍ ജ്വല്ലറിയില്‍ നിന്ന് മാല മോഷ്ടിച്ച പ്രതികള്‍ പിടിയില്‍. സഹോദരങ്ങളായ തോമസ്, മാത്യു എന്നിവരാണ് പിടിയിലായത്. ജ്വല്ലറി ജീവനക്കാരിക്കുനേരെ പെപ്പര്‍ സ്പ്രേ അടിച്ചാണ് മാല മോഷ്ടിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ജ്വല്ലറിയില്‍ കയറിയതിന് പിന്നാലെ പ്രതികളില്‍ ഒരാള്‍ ഉടന്‍ തന്നെ ജീവനക്കാരിക്കുനേരെ പെപ്പര്‍ സ്പ്രേ അടിക്കുകയായിരുന്നു. പിന്നാലെ മാല കൈക്കലാക്കി കടന്നുകളഞ്ഞു. യുവതി ബഹളം വെച്ച് പിന്നാലെ പോയെങ്കിലും പ്രതികള്‍ അപ്പോഴേക്കും രക്ഷപ്പെട്ടിരുന്നു. പോലിസ് നടത്തിയ അന്വേഷണത്തിനൊടുക്കമാണ് പ്രതികളെ വലയിലാക്കുന്നത്.

മലപ്പുറം എടക്കര സ്വദേശികളാണ് പ്രതികളെന്നാണ് പോലിസ് നല്‍കുന്ന വിവരം. ഇവര്‍ സഹോദരങ്ങളാണ്. മാത്യു ബിടെക്ക് കഴിഞ്ഞതിന് ശേഷം കുറച്ചുനാളായി നഗരത്തില്‍ താമസിച്ചുവരുകയാണ്. പുത്തംകുരിശ് ഭാഗത്തുനിന്ന് ഒരു ഇരുചക്രവാഹനം മോഷ്ടിച്ചാണ് ഇവര്‍ ഈ ജ്വല്ലറിയിലെത്തുന്നത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പോലിസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.