മാധ്യമസ്വാതന്ത്ര്യത്തിന്‍മേലുള്ള നഗ്‌നമായ കടന്നുകയറ്റം; നിയമപരമായി നേരിടുമെന്ന് മീഡിയാ വണ്‍

ബിജെപി നേതാവ് കപില്‍ മിശ്ര നടത്തിയ വിദ്വേഷപ്രസംഗം റിപോര്‍ട്ടുകളില്‍ പരാമര്‍ശിച്ചതും അതിന്റെ പേരില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി പോലിസ് തയ്യാറായില്ലെന്ന് റിപോര്‍ട്ട് ചെയ്തതും സാമുദായികസൗഹൃദം തകര്‍ക്കാനുള്ള ശ്രമമായി വ്യാഖ്യാനിക്കുകയാണ് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം ചെയ്തിരിക്കുന്നത്.

Update: 2020-03-06 17:48 GMT

കോഴിക്കോട്: ഡല്‍ഹിയില്‍ അരങ്ങേറിയ ആസൂത്രിതമായ വംശഹത്യാശ്രമം കൃത്യമായി റിപോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചതിന്റെ പേരില്‍ മാര്‍ച്ച് ആറിന് വൈകീട്ട് ഏഴര മുതല്‍ മാര്‍ച്ച് എട്ടിന് വൈകീട്ട് ഏഴരവരെ മീഡിയാ വണ്‍ ടിവിയുടെ സംപ്രേഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി ഖേദകരനും പ്രതിഷേധാര്‍ഹവുമാണെന്ന് മീഡിയാ വണ്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് സി എല്‍ തോമസ്. മാധ്യമസ്വാതന്ത്ര്യത്തിന്‍മേുള്ള നഗ്നമായ കടന്നുകയറ്റമായി മാത്രമേ ഇതിനെ കാണാനാവൂ. അടിയന്തരവാസ്ഥക്കാലത്തുപോലുമുണ്ടാവാത്ത വിധത്തിലുള്ള ഈ ജനാധിപത്യവിരുദ്ധമായ നടപടിയെ നിയമപരമായി നേരിടാനാണ് മീഡിയാ വണ്‍ ടിവിയുടെ തീരുമാനമെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ആര്‍എസ്എസ്സിനെയും ഡല്‍ഹി പോലിസിനെയും വിമര്‍ശിച്ചുവെന്നത് സംപ്രേഷണം നിര്‍ത്തിവയ്ക്കാനുള്ള കാരണമായി വാര്‍ത്താ വിതരണമന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ബിജെപി നേതാവ് കപില്‍ മിശ്ര നടത്തിയ വിദ്വേഷപ്രസംഗം റിപോര്‍ട്ടുകളില്‍ പരാമര്‍ശിച്ചതും അതിന്റെ പേരില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി പോലിസ് തയ്യാറായില്ലെന്ന് റിപോര്‍ട്ട് ചെയ്തതും സാമുദായികസൗഹൃദം തകര്‍ക്കാനുള്ള ശ്രമമായി വ്യാഖ്യാനിക്കുകയാണ് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം ചെയ്തിരിക്കുന്നത്. ഇത് സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം രാജ്യത്ത് പാടില്ലെന്ന് ഉത്തരവിടുന്നതിന് തുല്യമാണെന്ന് മീഡിയാ വണ്‍ കൂട്ടിച്ചേര്‍ത്തു. 

Tags: