കൈക്കൂലി കേസ്; സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ക്ക് ഏഴ് വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും
കൊല്ലം: കൈക്കൂലി കേസില്‍ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ്. പത്തനംതിട്ട പോലിസ് സ്റ്റേഷനിലെ മുന്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറും നിലവില്‍ തൃശ്ശൂര്‍ മലക്കപ്പാറ പോലിസ് സ്റ്റേഷനിലെ സീനിയര്‍ പോലിസ് ഓഫീസറുമായ പത്തനംതിട്ട കോന്നി സ്വദേശി എ താജുദ്ദീനെയാണ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കൊല്ലം വിജിലന്‍സ് കോടതിയാണ് തടവും 20,000 രൂപ പിഴയും വിധിച്ചത്.
പത്തനംതിട്ട ചെന്നീര്‍ക്കര സ്വദേശിയ്‌ക്കെതിരെ 2014-ല്‍ പത്തനംതിട്ട പോലിസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പരാതിക്കാരന് അനുകൂലമായി കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് 20,000 രൂപ അന്വേഷണ ചുമതലയുണ്ടായിരുന്ന താജുദ്ദീന്‍ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നു. കൈക്കൂലി തുകയുടെ ആദ്യ ഗഡുവായ 10000 രൂപ പരാതിക്കാരനില്‍ നിന്നും കൈപ്പറ്റിയ സമയം പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് ഇയാളെ കയ്യോടെ പിടികൂടി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് താജുദ്ദീനെ കുറ്റക്കാരനെന്ന് കണ്ടെത്തി കൊല്ലം വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചത്.
വിജിലന്‍സ് കോടതി ജഡ്ജി ഡോ. മോഹിത് സി എസ് ആണ് ശിക്ഷ വിധിച്ചത്. വിജിലന്‍സിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സിജു രാജന്‍ ഹാജരായി. പത്തനംതിട്ട വിജിലന്‍സ് യൂണിറ്റിലെ മുന്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പി ഡി രാധാകൃഷ്ണ പിള്ളയ്ക്കായിരുന്നു അന്വേഷണ ചുമതല.