കൈക്കൂലി ആരോപണം: ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണനെ സര്‍വീസില്‍ നിന്ന് നീക്കി

Update: 2026-01-08 08:11 GMT

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് അന്വേഷിച്ച ഉദ്യോഗസ്ഥനും ഇഡി ഡെപ്യൂട്ടി ഡയറക്ടറുമായ പി രാധാകൃഷ്ണനെ സര്‍വീസില്‍ നീക്കി. ധനകാര്യമന്ത്രാലയം മൂന്ന് ദിവസം മുന്‍പാണ് ഉത്തരവിറക്കിയത്. കൈക്കൂലിയടക്കം നിരവധി ആക്ഷേപങ്ങളില്‍ രാധാകൃഷ്ണനെതിരെ അന്വേഷണം നടന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് നിര്‍ബന്ധിത വിരമിക്കലിന് നിര്‍ദേശിച്ചത്. മുന്‍പും നിരവധി ആക്ഷേപങ്ങള്‍ നേരിട്ടിട്ടുള്ള ഉദ്യോഗസ്ഥനാണ് പി രാധാകൃഷ്ണന്‍. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം വളരെ വിവാദമായ കേസുകള്‍ അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥന്‍ കൂടിയാണ്. നിലവില്‍ ജമ്മു കാശ്മീരില്‍ ഡെപ്യൂട്ടി ഡയറക്ടറായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം.

ധനകാര്യ വകുപ്പിന്റെ ആഭ്യന്തര അന്വേഷണത്തില്‍ ഇദ്ദേഹത്തിനെതിരായ നിരവധി ആക്ഷേപങ്ങളില്‍ പലതും ശരിയെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് നിര്‍ബന്ധിതമായ പിരിച്ചുവിടല്‍ നടത്തിയിരിക്കുന്നത്. സര്‍വീസില്‍ നിന്ന് പിരിഞ്ഞുപോകാന്‍ ഇദ്ദേഹത്തോട് ധനകാര്യ മന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ വെളളിയാഴ്ചയാണ് രാഷ്ട്രപതി ഈ ഉത്തരവില്‍ ഒപ്പുവെച്ചത്. ഇഡിയുടെ വളരെ പ്രമാദമായ കേസുകളില്‍ അന്വേഷണത്തിന് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥനെതിരെയാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്.