ബ്രഹ്മപുരം പ്ലാന്റിലെ തീപിടുത്തം: അട്ടിമറിയെന്ന് പരാതി; പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

മൂന്നു ദിവസമായി ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ കത്തിക്കൊണ്ടിരുന്ന തീ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായി. പുക അമ്പത് ശതമാനവും നിയന്ത്രിച്ചു.ശ്വസന സംബന്ധമായ അസ്വസ്ഥകള്‍ നേരിട്ടാല്‍ ചികില്‍സ തേടണം. ആരോഗ്യ പരമായ പ്രശ്‌നങ്ങളില്‍ സംശയ നിവാരണത്തിനായി 0484- 2373616, 23537 11 എന്നീ നമ്പറുകളില്‍ ,ബന്ധപ്പെടേണ്ടതാണെന്നും കലക്ടര്‍ പറഞ്ഞു.

Update: 2019-02-24 14:08 GMT

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം സംബന്ധിച്ച് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവം അട്ടിമറിയാണെന്ന് പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. സംഭവത്തെ കുറിച്ച് മൂന്ന് ദിവത്തിനകം പൂര്‍ണ്ണ റിപോര്‍ട്ട് തയ്യാറാക്കും. ജനങ്ങളുടെ ആശങ്കയകറ്റാന്‍ ആരോഗ്യ വകുപ്പ് എല്ലാ സൗകര്യവുമേര്‍പ്പെടുത്തിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. കഴിഞ്ഞ മൂന്നു ദിവസമായി ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ കത്തിക്കൊണ്ടിരുന്ന തീ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായി. പുക അമ്പത് ശതമാനവും നിയന്ത്രിച്ചു. ജില്ലയിലെ മുഴുവന്‍ ഫയര്‍ യൂനിറ്റുകളെയും സ്ഥലത്തെത്തിച്ച് തീയണക്കാനായിരുന്നു ആദ്യ ശ്രമം. റീജ്യണല്‍ ഫയര്‍ ഓഫീസര്‍ പി ദിലീപന്റെ നേതൃത്വത്തില്‍ എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ നിന്നെത്തിയ എഴുപതോളം ജീവനക്കാര്‍ ഇതിനായി രംഗത്തിറങ്ങി. നടപടി പാതി വിജയം കണ്ടതോടെ ഫയര്‍ യൂനിറ്റിനാവശ്യമായ വെള്ളവും അടുത്ത് തന്നെ ഒരുക്കി നല്‍കി. കൂടാതെ എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ നിന്നായെത്തിച്ച പത്ത് ഹൈ പ്രഷര്‍ പമ്പുകള്‍ കടമ്പ്രയാറില്‍ സ്ഥാപിച്ച് മലപോലെ കുന്നുകൂടിയ മാലിന്യ കൂമ്പാരത്തിലേക്ക് വെള്ളം പമ്പ് ചെയ്തു.

ഹിറ്റാച്ചിയും ജെസിബിയും ഉപയോഗിച്ച് മാലിന്യങ്ങള്‍ ഇളക്കി മാറ്റി വെള്ളമടിച്ച് തീ അടിയിലേക്ക് വ്യാപിക്കാനുള്ള ശ്രമവും ഇല്ലാതാക്കി. ഇതോടൊപ്പം മാലിന്യങ്ങളില്‍ മണ്ണടിച്ചും അപകട ഭീതി കുറിച്ചു. ഇന്ന് ഉച്ചയോടെ തീ പൂര്‍ണമായും അണയ്ക്കാന്‍ കഴിഞ്ഞതിനു പുറമേ പുകയുടെ തോത് പകുതിയായി കുറയ്ക്കാനും കഴിഞ്ഞു. ശ്വാസം മുട്ട് അടക്കമുള്ള ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാകുന്ന പക്ഷം ജനങ്ങള്‍ക്കാവശ്യമായ പ്രാഥമിക ചികില്‍സ നല്‍കാന്‍ മുഴുവന്‍ സര്‍ക്കാര്‍ - സ്വകാര്യ ആശുപത്രികള്‍ക്കും ആരോഗ്യ വകുപ്പ് മുഖേന കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇന്ന് രാവിലെയും ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെത്തിയ കലക്ടര്‍ മുഹമ്മദ് വൈ. സഫിറുള്ള തന്നെയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ശ്വസന സംബന്ധമായ അസ്വസ്ഥകള്‍ നേരിട്ടാല്‍ ചികില്‍സ തേടണം. ആരോഗ്യ പരമായ പ്രശ്‌നങ്ങളില്‍ സംശയ നിവാരണത്തിനായി 0484- 2373616, 23537 11 എന്നീ നമ്പറുകളില്‍ ,ബന്ധപ്പെടേണ്ടതാണെന്നും കലക്ടര്‍ പറഞ്ഞു. 

Tags: