തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ഉല്‍സവം നിയന്ത്രിക്കാന്‍ ബൗണ്‍സര്‍മാര്‍; അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി
കൊച്ചി: തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ വൃശ്ചികോല്‍സവത്തിന് തിരക്ക് നിയന്ത്രിക്കാനായി ബൗണ്‍സേഴ്‌സിനെ നിയമിച്ചതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ഒഴിവാക്കേണ്ടതായിരുന്നു ഇതെന്നും ജസ്റ്റിസ് രാജ വിജയരാഘവും ജസ്റ്റിസ് കെ വി ജയകുമാറും അടങ്ങിയ ദേവസ്വം ബെഞ്ച് വാക്കാല്‍ അഭിപ്രായപ്പെട്ടു.
മരട് സ്വദേശി എന്‍ പ്രകാശാണ് ഉല്‍സവത്തിന് തിരക്ക് നിയന്ത്രിക്കാന്‍ ബൗണ്‍സേഴ്‌സിനെ നിയമിച്ചതിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ ബൗണ്‍സര്‍മാരെ നിയോഗിച്ചിട്ടില്ലെന്നും അത് സ്വകാര്യ സെക്യൂരിറ്റിക്കാര്‍ ആണെന്നുമായിരുന്നു കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. എന്നാല്‍ മാധ്യമവാര്‍ത്തയില്‍ വസ്ത്രത്തില്‍ ബൗണ്‍സര്‍മാര്‍ എന്ന് രേഖപ്പെടുത്തിയത് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
ഭാവിയില്‍ ഇത്തരം നടപടി ഉണ്ടാകരുതെന്നുപറഞ്ഞ കോടതി, ദേവസ്വം ബോര്‍ഡിന്റെയടക്കം വിശദീകരണം തേടി. ആവശ്യമെങ്കില്‍ കൂടുതല്‍ പോലിസ് വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു വേണ്ടതെന്നും കോടതി പറഞ്ഞു. വിഷയം ഡിസംബര്‍ മൂന്നിന് പരിഗണിക്കാന്‍ മാറ്റി.