കണ്ണൂരില്‍ പാലത്തില്‍നിന്ന് പുഴയില്‍ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി; ഒപ്പം ചാടിയ യുവതി രക്ഷപ്പെട്ടു
കണ്ണൂര്‍: പെണ്‍സുഹൃത്തിനൊപ്പം വളപട്ടണം പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബേക്കല്‍ സ്വദേശിയും പന്തല്‍ ജോലിക്കാരനുമായ രാജുവിന്റെ മൃതദേഹമാണ് ബുധനാഴ്ച പുഴയില്‍നിന്ന് കണ്ടെടുത്തത്. യുവാവിനൊപ്പം പുഴയില്‍ ചാടിയ ഭര്‍തൃമതിയായ പെണ്‍സുഹൃത്ത് നീന്തിരക്ഷപ്പെട്ടിരുന്നു.
ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് യുവാവും യുവതിയും പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയത്. ഞായറാഴ്ച രാവിലെ യുവതി വീട്ടില്‍നിന്ന് ഇറങ്ങിപ്പോയതായി ഭര്‍ത്താവ് ബേക്കല്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിനുപിന്നാലെ രാജുവിനെ കാണാനില്ലെന്ന പരാതിയും സ്റ്റേഷനിലെത്തി.
രാജുവിനൊപ്പമാണ് യുവതി കണ്ണൂരിലെത്തിയതെന്നാണ് പോലിസ് പറയുന്നത്. പാലത്തില്‍നിന്ന് യുവാവും തൊട്ടുപിന്നാലെ യുവതിയും പുഴയിലേക്ക് ചാടി. നീന്തലറിയാവുന്ന യുവതി ഒഴുക്കില്‍പ്പെട്ട് അഴീക്കോട് ബോട്ടുപാലത്തിന് സമീപമെത്തി. അതിനിടെ തോണിയില്‍ മീന്‍പിടിക്കുകയായിരുന്നവര്‍ അവശനിലയില്‍ കണ്ട യുവതിയെ കരയ്‌ക്കെത്തിച്ച് പോലിസില്‍ വിവരമറിയിച്ചു. പ്രാഥമികചികിത്സയ്ക്കുശേഷം ആരോഗ്യം വീണ്ടെടുത്ത യുവതിയെ ബേക്കല്‍ പോലിസ് കോടതിയില്‍ ഹാജരാക്കി. ഇതിനിടെ പുഴയില്‍ ചാടിയ യുവാവിനായി അഗ്‌നിരക്ഷാസേനയും തീരദേശ പോലീസും മത്സ്യത്തൊഴിലാളികളും വളപട്ടണം പോലിസും തിരച്ചില്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
