കൊച്ചി: ഇസ്രായേലില്‍ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചു. വിമാനത്താവളത്തില്‍ സൗമ്യയുടെ ഭര്‍ത്താവ് സന്തോഷ് ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി. ഇവിടെനിന്നും സ്വദേശമായ ഇടുക്കി കിരീത്തോട്ടിലേക്ക് ആംബുലന്‍സില്‍ മൃതദേഹം കൊണ്ടുപോയി.
എംപി ഡീന്‍ കുര്യാക്കോസ് അടക്കം രാഷ്ട്രീയ നേതാക്കളും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയിരുന്നു. പുലര്‍ച്ചെ നാലരയോടെ ഇസ്രായേലില്‍നിന്നുള്ള പ്രത്യേക വിമാനത്തില്‍ ഡല്‍ഹി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം എയര്‍ ഇന്ത്യ വിമാനത്തില്‍ വൈകുന്നേരത്തോടെയാണ് കൊച്ചിയില്‍ കൊണ്ടുവന്നത്. ഡല്‍ഹിയിലെത്തിച്ച മൃതദേഹം ഏറ്റുവാങ്ങാന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമെത്തിയിരുന്നു.
ഡല്‍ഹി ഇസ്രായേല്‍ എംബസിയിലെ ചാര്‍ജ് ദ അഫയേഴ്‌സ് റോണി യദിദിയയും വിമാനത്താവളത്തിലെത്തി സൗമ്യയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ചു. ഞായറാഴ്ചയാണ് സംസ്‌കാരം. ചൊവ്വാഴ്ചയാണ് സൗമ്യ സന്തോഷ് ഇസ്രായേലില്‍ കൊല്ലപ്പെടുന്നത്. കഴിഞ്ഞ പത്തുവര്‍ഷമായി ഇസ്രായേലില്‍ കെയര്‍ ടേക്കറായി ജോലിചെയ്യുകയായിരുന്നു സൗമ്യ.