കാണാതായ യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ഭാര്യയെയും കാമുകനെയും കാണാനില്ല
അതിനിടെ, റിജോഷിനെ കൊലപ്പെടുത്തിയത് താനാണെന്നു സമ്മതിച്ചുകൊണ്ടുള്ള വീഡിയോ പുറത്തുവന്നു. കൊന്നത് താനാണെന്നും മറ്റാര്‍ക്കും പങ്കില്ലെന്നും വസീം ഏറ്റുപറയുന്ന വീഡിയോ സഹോദരന് പോലിസിനു കൈമാറിയിട്ടുണ്ട്.
ഇടുക്കി: ഒരാഴ്ച മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം സ്വകാര്യ റിസോര്‍ട്ടിനു സമീപം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ശാന്തന്‍പാറ പുത്തടി മുല്ലുര്‍ വീട്ടില്‍ റിജോഷി(31)ന്റെ മൃതദേഹമാണ് പുത്തടിക്ക് സമീപത്തെ മഷ്റൂം ഹട്ട് റിസോര്‍ട്ടിന്റെ ഭൂമിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. റിജോഷിനെ ഭാര്യയും റിസോര്‍ട്ട് മാനേജരും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണു സംശയം. സംഭവ ശേഷം റിജോഷിന്റെ ഭാര്യ ലിജി (29), റിസോര്‍ട്ട് മാനേജര്‍ തൃശൂര്‍ സ്വദേശി വസീം(31) എന്നിവരെ നവംബര്‍ മുതല്‍ കാണാനില്ലെന്ന് അന്വേഷണത്തില്‍ മനസ്സിലായി. കൊലപാതകത്തിന് ശേഷം ഇവര്‍ സ്ഥലം വിട്ടതായാണ് സൂചന. ഇരുവരെയും കണ്ടെത്താന്‍ പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. റിജോഷിന്റെ വീട്ടുകാര്‍ ശാന്തന്‍പാറ പോലിസില്‍ നല്കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. അതിനിടെ, റിജോഷിനെ കൊലപ്പെടുത്തിയത് താനാണെന്നു സമ്മതിച്ചുകൊണ്ടുള്ള വീഡിയോ പുറത്തുവന്നു. കൊന്നത് താനാണെന്നും മറ്റാര്‍ക്കും പങ്കില്ലെന്നും വസീം ഏറ്റുപറയുന്ന വീഡിയോ സഹോദരന് പോലിസിനു കൈമാറിയിട്ടുണ്ട്.