വീട്ടുവളപ്പിലെ കിണറ്റില്‍ പുലിയുടെ ജഡം

ശനിയാഴ്ച വൈകീട്ടാണ് പുള്ളിപ്പുലിയെ പറക്കോട് സുകുമാരന്റെ വീട്ടുവളപ്പിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ ചത്തനിലയില്‍ കണ്ടത്.

Update: 2019-12-28 19:34 GMT

പാലക്കാട്: വീട്ടുവളപ്പിലെ കിണറ്റില്‍ പുലിയുടെ ജഡം കണ്ടെത്തി. കോങ്ങാട് പെരിങ്ങോട് പറക്കോട് സുകുമാരന്റെ വീട്ടിലെ കിണറ്റിലാണ് പുള്ളിപ്പുലിയെ ചത്തനിലയില്‍ കണ്ടെത്തിയത്. പുലിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാലക്കാട് ജില്ലാ വൈറ്ററിനറി ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച വൈകീട്ടാണ് പുള്ളിപ്പുലിയെ പറക്കോട് സുകുമാരന്റെ വീട്ടുവളപ്പിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ ചത്തനിലയില്‍ കണ്ടത്. ഇതിനു മുമ്പും പരിസരപ്രദേശങ്ങളില്‍ പുലിയെ കണ്ടതായി വീട്ടുകാര്‍ പറയുന്നുണ്ട്.

പുള്ളിപ്പുലിയുടെ ജഡം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. എട്ട് വയസ് പ്രായമുള്ളതാണ് പുള്ളിപ്പുലി. കാഞ്ഞിരപ്പുഴ കനാലിന് സമീപത്തായതുകൊണ്ട് കല്ലടിക്കോട് മലയില്‍നിന്ന് ഇരതേടി വന്നതാവാമെന്നാണ് നിഗമനം. മൂന്നുമാസം മുമ്പ് പ്രദേശത്ത് പുലിയുടേതിന് സമാനമായ കാല്‍പാട് കണ്ടെത്തിയിരുന്നു. പാലക്കാട് ഡിഎഫ്ഒ നരേന്ദ്രന്‍ വേളൂരി, മുണ്ടൂര്‍ ഫോറസ്റ്റ് ഓഫിസര്‍ ശശിഭൂഷണ്‍, ഒലവക്കോട് റേഞ്ച് ഓഫിസര്‍ അഖില്‍ എന്നിവരുടെ നേതൃത്വത്തില്‍ വനംവകുപ്പ് ഓഫിസര്‍മാരും പോലിസും സ്ഥലത്തെത്തി പരിശോധന നടത്തി. 

Tags: