കൊച്ചി: കളമശ്ശേരി എച്ച്എംടിക്ക് സമീപം കണ്ടെത്തിയ മൃതദേഹം കാണാതായ സൂരജ് ലാമയുടേതാണെന്ന് സ്ഥിരീകരണം. ഡിഎന്‍എ ഫലത്തിലാണ് മൃതദേഹം ലാമയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചത്.
നവംബര്‍ 30ന് ആളൊഴിഞ്ഞ ഭാഗത്ത് ഒരുമാസം പഴക്കമുള്ള നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. രണ്ടുമാസങ്ങള്‍ക്ക് ശേഷമാണ് ഡിഎന്‍എ ഫലം ലഭിച്ചത്. മകന്‍ സാന്റോണ്‍ ലാമ കൊച്ചിയിലെത്തിയിട്ടുണ്ട്. എയര്‍പോര്‍ട്ട് അതോറിറ്റി, പോലിസ്, ആശുപത്രി തുടങ്ങി എല്ലാ വിഭാഗങ്ങളില്‍ നിന്നും വലിയ തോതിലുള്ള അശ്രദ്ധ ഉണ്ടായെന്നും, അച്ഛന്റെ ജീവന്‍ നഷ്ടപ്പെട്ടത് ഈ സംവിധാനങ്ങളുടെ പരാജയം മൂലമാണെന്നും സാന്‍ഡല്‍ ലാമ പറഞ്ഞു.
കൊല്‍ക്കത്തയില്‍ വേരുകളുള്ള ലാമ വര്‍ഷങ്ങള്‍ക്കു മുന്‍പ് ബെംഗളൂരുവിലെത്തിയതാണ്. അതിനിടയിലാണ് കുവൈത്തിലേക്ക് ബിസിനസിനായി പോയത്. കുവൈത്തില്‍ നാല് റസ്റ്ററന്റുകളുടെ ഉടമയായിരുന്നു സൂരജ്. സെപ്റ്റംബര്‍ അഞ്ചിന് കുവൈത്തില്‍ വെച്ച് കുഴഞ്ഞുവീണു. പത്തുദിവസത്തെ ചികിത്സയ്ക്കുശേഷം ജീവന്‍ തിരിച്ചു കിട്ടിയെങ്കിലും ഓര്‍മ്മ പൂര്‍ണമായും മറഞ്ഞു. ഇതിനിടെ വിസ കാലാവധി കഴിഞ്ഞെന്നു ചൂണ്ടിക്കാട്ടി കുവൈത്തില്‍നിന്ന് ഒക്ടോബര്‍ നാലിന് നാടുകടത്തുകയായിരുന്നു. ബെംഗളൂരുവിന് പകരം കൊച്ചിയിലേക്കാണ് കയറ്റിവിട്ടത്. ഓര്‍മ്മയില്ലാത്തയാളെ അയക്കുന്നത് കുടുംബത്തെയോ സുഹൃത്തുക്കളെയോ അറിയിച്ചിരുന്നില്ല.
തുടര്‍ന്ന് മകന്‍ സാന്റോണ്‍ ലാമ കേരളത്തിലെത്തുകയും പിതാവിനായി തിരച്ചില്‍ നടത്തുന്നതും വാര്‍ത്തകളായിരുന്നു. കളമശ്ശേരിയില്‍ വെച്ച് പോലിസിന്റെ ശ്രദ്ധയില്‍പ്പെട്ട ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെനിന്ന് വീണ്ടും കാണാതാവുകയായിരുന്നു. ഇത് ഉദ്യോഗസ്ഥരുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഗുരുതരമായ വീഴ്ചയാണെന്ന് മകന്‍ ആരോപിക്കുന്നു.
നാല് മാസത്തോളമായി തന്റെ അച്ഛനെ തിരഞ്ഞു നടന്ന മകന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കിയതുള്‍പ്പെടെയുള്ള വലിയ നിയമപോരാട്ടമാണ് നടത്തിയത്. മൃതദേഹം ഇപ്പോള്‍ തിരിച്ചറിഞ്ഞെങ്കിലും അന്ത്യകര്‍മ്മങ്ങളെക്കുറിച്ച് കുടുംബം കടുത്ത മാനസിക വിഷമത്തിലാണ്. മൃതദേഹം ഏറെക്കുറെ ജീര്‍ണ്ണിച്ച അവസ്ഥയിലായതിനാല്‍ അന്ത്യകര്‍മ്മങ്ങള്‍ കേരളത്തില്‍ തന്നെ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.

