ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധന വൈകിപ്പിച്ചതിൽ ദുരൂഹത
അപകടം നടന്ന് പത്ത് മണിക്കൂറോളമാകുമ്പോഴാണ് ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധന പോലിസ് നടത്തിയത്. അതിനാല്‍ പരിശോധന ഫലം എന്താകുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്.രക്തപരിശോധന വൈകുന്തോറും മദ്യത്തിന്റെ അളവ് കുറഞ്ഞു വരും. അങ്ങനെയാകുമ്പോള്‍ ആവശ്യമുള്ള അളവില്ലാത്ത പക്ഷം സംഭവം ജാമ്യമില്ലാ വകുപ്പില്‍ നിന്ന് മാറുകയും ചെയ്യും.
തിരുവനന്തപുരം: മാധ്യമ പ്രവർത്തകനായ കെ എം ബഷീറിനെ മദ്യപിച്ച് കാറിടിച്ച് കൊലപ്പെടുത്തിയ ഐഎഎസ് ഉദ്യോഗസ്ഥന്റെ രക്ത പരിശോധന വൈകിപ്പിച്ചതിൽ ദുരൂഹത. അപകടം നടന്ന് പത്ത് മണിക്കൂറോളമാകുമ്പോഴാണ് ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധന പോലിസ് നടത്തിയത്. അതിനാല്‍ പരിശോധന ഫലം എന്താകുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്.
അപകടം നടന്നപ്പോൾ തന്നെ ശ്രീറാമിനെ രക്ഷപെടുത്താൻ നീക്കങ്ങൾ ആരംഭിച്ചിരുന്നു. മദ്യപിച്ച് തറയിൽ കാലുറയ്ക്കാത്ത നിലയിലാണ് ശ്രീറാം ഡ്രൈവിങ് സീറ്റിൽ നിന്നും പുറത്തിറങ്ങിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞിട്ടുപോലും തെളിവുകൾ ശേഖരിക്കുന്നതിനോ രക്തസാമ്പിൾ പരിശോധിക്കാനോ പോലിസ് തയ്യാറായില്ല. ശ്രീറാമിന് ഒപ്പമുണ്ടായിരുന്ന സ്ത്രീയെ പറഞ്ഞുവിട്ട ശേഷം ശ്രീറാമിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. രാവിലെ മുതൽ മാധ്യമ പ്രവർത്തകർ സമ്മർദ്ദം ചെലുത്തിയതോടെയാണ് രക്തസാമ്പിൾ പരിശോധിക്കാൻ പോലിസ് തയ്യാറായത്.
മദ്യപിച്ചിട്ടുണ്ടോയെന്ന് അറിയാനായി രക്തസാമ്പിളുകള്‍ പരിശോധിക്കുകയാണെങ്കില്‍ അത് എത്രയും വേഗം ചെയ്യേണ്ടതുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രക്തപരിശോധന വൈകുന്തോറും മദ്യത്തിന്റെ അളവ് കുറഞ്ഞു വരും. അങ്ങനെയാകുമ്പോള്‍ ആവശ്യമുള്ള അളവില്ലാത്ത പക്ഷം സംഭവം ജാമ്യമില്ലാ വകുപ്പില്‍ നിന്ന് മാറുകയും ചെയ്യും. മദ്യപിച്ചയാള്‍ക്ക് ഓരോ മണിക്കൂര്‍ പിന്നിടുമ്പോഴും ഓരോ പെഗ് മദ്യം രക്തത്തില്‍ നിന്നും നഷ്ടപ്പെടും. 100 മില്ലിഗ്രാം രക്തത്തില്‍ 30 മില്ലിഗ്രാം മദ്യമുണ്ടെങ്കിലെ കേസെടുക്കാന്‍ പോലിസിന് കഴിയൂ. 30 മില്ലിഗ്രാമില്‍ താഴെയാണെങ്കില്‍ കേസെടുക്കില്ല.
