പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടി സ്വാഗതം ചെയ്ത് ബിജെപി

ഗവര്‍ണറുടെ നടപടി സ്വാഗതാര്‍ഹമാണെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പ്രതികരിച്ചു.

Update: 2020-12-22 16:50 GMT

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമഭേദഗതിക്കെതിരേ സംയുക്തപ്രമേയം പാസാക്കുന്നതിനായി ചേരാന്‍ നിശ്ചയിച്ചിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ സ്വാഗതം ചെയ്ത് ബിജെപി. ഗവര്‍ണറുടെ നടപടി സ്വാഗതാര്‍ഹമാണെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പ്രതികരിച്ചു. എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ കേരളത്തിന് നാണക്കേടുണ്ടാക്കുകയാണെന്നും ഇരുവരും കുറ്റപ്പെടുത്തി.

ജനുവരി 8ന് ബജറ്റ് സമ്മേളനം ചേരാനിരിക്കെ പ്രത്യേക സമ്മേളനം ചേരേണ്ടതില്ലെന്നാണ് സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയതെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി. പ്രത്യേക സമ്മേളനം ചേരാന്‍ അടിയന്തര സാഹചര്യം സംസ്ഥാനത്തില്ലെന്ന ഗവര്‍ണറുടെ വിലയിരുത്തല്‍ തീര്‍ത്തും ശരിയാണ്. പ്രത്യേക സമ്മേളനത്തിലൂടെ ഭരണപക്ഷം ലക്ഷ്യമിടുന്നത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ്. ഇതിന് പിന്തുണ നല്‍കുകയാണ് പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസ്.

എന്ത് ചര്‍ച്ച ചെയ്യണമെന്ന് തീരുമാനിക്കുന്നത് മന്ത്രിസഭയാണെന്ന് സമ്മതിക്കുക വഴി തങ്ങള്‍ പ്രതിപക്ഷത്താണോ അതോ ഭരണകക്ഷിയുടെ ഭാഗമാണോയെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ഫെഡറലിസത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കാനുള്ള ശ്രമം കേരളത്തിന് ഗുണകരമല്ലെന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. ജനാധിപത്യത്തെ കശാപ്പ് ചെയ്യാനുള്ള ശ്രമം തകര്‍ത്ത ഗവര്‍ണറുടെ നിലപാട് സുധീരമാണെന്ന് ബിജെപി എംഎല്‍എ ഒ രാജഗോപാലും അഭിപ്രായപ്പെട്ടു.

Tags:    

Similar News