തദ്ദേശ തിരഞ്ഞെടുപ്പ്: സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ബിജെപി
ബിജെപി സ്ഥാനാര്‍ഥി കെ. പ്രമോദാണ് വിജയിച്ചത്. 34 വോട്ടുകള്‍ക്കാണ് ജയം. സിപിഎമ്മിന്റെ വി.സൗമ്യ, കോണ്‍ഗ്രസിന്റെ ടി. സത്യരാജ് എന്നിവരായിരുന്നു എതിര്‍ സ്ഥാനാര്‍ഥികള്‍. ഇരുപത് വര്‍ഷത്തോളമായി സിപിഎം ഭരണത്തിലുള്ള വാര്‍ഡാണിത്.
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ സിപിഎമ്മിന്റെ സിറ്റിങ് സീറ്റി പിടിച്ചെടുത്ത് ബിജെപി. കാരോട് പഞ്ചായത്തിലെ കാന്തള്ളൂര്‍ വാര്‍ഡിലാണ് ബിജെപിക്ക് ജയം. ബിജെപി സ്ഥാനാര്‍ഥി കെ. പ്രമോദാണ് വിജയിച്ചത്. 34 വോട്ടുകള്‍ക്കാണ് ജയം. സിപിഎമ്മിന്റെ വി.സൗമ്യ, കോണ്‍ഗ്രസിന്റെ ടി. സത്യരാജ് എന്നിവരായിരുന്നു എതിര്‍ സ്ഥാനാര്‍ഥികള്‍. ഇരുപത് വര്‍ഷത്തോളമായി സിപിഎം ഭരണത്തിലുള്ള വാര്‍ഡാണിത്.
കനത്ത പോളിംഗായിരുന്നു ഈ പ്രദേശത്ത് നടന്നത്. 1190 പേരുളള കാന്തള്ളൂരില്‍ 1055 പേരും വോട്ട് ചെയ്തിരുന്നു. കാന്തള്ളൂര്‍ ഉള്‍പ്പെടെ തിരുവനന്തപുരം ജില്ലയിലെ നാല് വാര്‍ഡുകളാണ് എല്‍ഡിഎഫിന് നഷ്ടമായത്. ബിജെപി ഒരിടത്ത് വിജയിച്ചപ്പോള്‍ മൂന്ന് വാര്‍ഡുകളില്‍ യുഡിഎഫിനാണ് ജയം. ചെങ്കല്‍ പഞ്ചായത്തിലെ മര്യാപുരം, കുന്നത്തുകാല്‍ പഞ്ചായത്തിലെ നിലമാമൂട് , പാങ്ങോട് പഞ്ചായത്തിലെ അടപ്പുപാറ എന്നിവയാണ് യുഡിഎഫ് നേടിയത്.
അതേസമയം, കാന്തള്ളൂർ വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഎം വോട്ടുകൾ ബിജെപിക്ക് മറിച്ചുവെന്നും ആരോപണമുണ്ട്. കാലങ്ങളായി സിറ്റിങ് സീറ്റായിരുന്നിട്ടും സിപിഎമ്മിലെ സൗമ്യ 65 വോട്ട് മാത്രമാണ് പിടിച്ചത്. കോൺഗ്രസിലെ സത്യരാജ് 488 വോട്ടുകൾ പിടിച്ചപ്പോൾ ബിജെപിയിലെ പ്രമോദ് 511 വോട്ടുകൾ നേടി. സിപിഎം ഭരിക്കുന്ന പഞ്ചായത്തിൽ തുല്യമായാണ് കക്ഷിനില. കോൺഗ്രസ് മെമ്പർ ജയിച്ചാൽ പഞ്ചായത്ത് ഭരണം കോൺഗ്രസിന് ലഭിയ്ക്കുമായിരുന്നു.