ഭക്തരായ സ്ത്രീകള്‍ക്ക് ശബരിമലയിലെത്താം; ബിജെപിയെ വെട്ടിലാക്കി വി മുരളീധരന്‍

സിഎന്‍എന്‍ ന്യൂസ് 18 എന്ന ഇംഗ്ലീഷ് ചാനലിലെ ചര്‍ച്ചയ്ക്കിടെയാണ് മുരളീധരന്‍ നിലപാട് വ്യക്തമാക്കിയത്.

Update: 2019-01-03 19:39 GMT

കോഴിക്കോട്: ശബരിമല യുവതീ പ്രവേശനത്തില്‍ ബിജെപി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി ബിജെപി നേതാവും രാജ്യസഭാ എംപിയുമായ വി മുരളീധരന്‍ രംഗത്ത്. സിഎന്‍എന്‍ ന്യൂസ് 18 എന്ന ഇംഗ്ലീഷ് ചാനലിലെ ചര്‍ച്ചയ്ക്കിടെയാണ് മുരളീധരന്‍ നിലപാട് വ്യക്തമാക്കിയത്. ചര്‍ച്ചയുടെ 12ാം മിനിറ്റിലാണ് ഇക്കാര്യം പറയുന്നത്. ഭക്തരായ സ്ത്രീകള്‍ ശബരിമലയില്‍ എത്തുന്നതില്‍ പ്രശ്‌നമില്ല. അത്തരക്കാര്‍ക്ക് പോലിസും സര്‍ക്കാരും സുരക്ഷ നല്‍കുന്നതില്‍ തെറ്റില്ല. സുപ്രിംകോടതി വിധി അനുസരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കഴിഞ്ഞ ദിവസം രണ്ട് യുവതികള്‍ ശബരിമല സന്ദര്‍ശിച്ചത് പോലിസ് ഗൂഢാലോചനയിലൂടെയാണെന്നും ഒരാഴ്ചയായി ഇതിനു വേണ്ടി പദ്ധതികള്‍ തയ്യാറാക്കിയിരുന്നതായും മുരളീധരന്‍ ചര്‍ച്ചയില്‍ പറഞ്ഞു. രാഹുല്‍ ഈശ്വറും ഈ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

    നേരത്തേ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയും ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരേയല്ല പ്രക്ഷോഭമെന്നു വെളിപ്പെടുത്തിയത് ചര്‍ച്ചയായിരുന്നു. സുപ്രിംകോടതി യുവതി പ്രവേശനത്തിന് അനുമതി നല്‍കിയപ്പോള്‍ ആദ്യം അനുകൂലിച്ച ആര്‍എസ്എസ് പിന്നീട് മലക്കം മറിയുകയായിരുന്നു. ഏതായാലും വി മുരളീധരന്റെ പുതിയ നിലപാട് ബിജെപിയിലും ചര്‍ച്ചയാവുമെന്നുറപ്പാണ്.




Tags: