ബിജെപി നേതാവ് ഉള്‍പ്പെട്ട ആയുധവേട്ട: ഒരാള്‍കൂടി അറസ്റ്റില്‍; സംസ്ഥാനത്ത് വന്‍തോതില്‍ തോക്കുകള്‍ വിറ്റതായി പോലിസ്

വേട്ടയ്ക്കായാണ് തോക്കുകള്‍ നിര്‍മിച്ചുനല്‍കിയതെന്നാണ് ചോദ്യംചെയ്യലില്‍ സംഘം പോലിസിനോട് പറഞ്ഞത്. എന്നാല്‍, റിവോള്‍വറുകള്‍ എന്തിനാണ് നിര്‍മിച്ച് നല്‍കിയതെന്ന കാര്യത്തില്‍ ദുരൂഹത തുടരുകയാണ്. തോക്ക് നിര്‍മാണസംഘത്തിന്റെ പക്കല്‍നിന്നും തോക്ക് വാങ്ങിയതായി ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ ലിജോയുടെ വീട്ടില്‍ നടത്തിയ തിരച്ചിലിലാണ് ഒരു റിവോള്‍വറും വെടിയുണ്ടകളും കണ്ടെത്തിയത്.

Update: 2020-03-12 06:26 GMT

കോട്ടയം: പള്ളിക്കത്തോട്ടില്‍ ബിജെപി നേതാവ് ഉള്‍പ്പെട്ട ആയുധവേട്ട കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. പരുമല സ്വദേശി ജിജോ ആണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം ആറായി. ബിജെപി നേതാവ് മുക്കാലി കദളിമറ്റം കെ എന്‍ വിജയന്‍, പള്ളിക്കത്തോട് ആനിക്കാട് കൊമ്പിലാക്കല്‍ ദിവാകരന്റെ മകന്‍ ബിനേഷ് കുമാര്‍ (43), ആനിക്കാട് തട്ടാംപറമ്പില്‍ രാജന്‍ (50), പള്ളിക്കത്തോട് മന്ദിരം ജങ്ഷനുസമീപം ആല നടത്തുന്ന തട്ടാമ്പറമ്പില്‍ മനേഷ് കുമാര്‍ (43), ളാക്കാട്ടൂര്‍ വട്ടോലില്‍ രതീഷ് ചന്ദ്രന്‍ എന്നിവരാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള പള്ളിക്കത്തോട് അരവിന്ദ സ്‌കൂളിലെ മുന്‍ ചിത്രകലാ അധ്യാപകനും അരവിന്ദ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നിലവിലെ ബോര്‍ഡംഗവുമാണ് വിജയന്‍.

സംഘത്തിലുള്ള കൂടുതല്‍ പേര്‍ക്കായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. പ്രതികളെ ചോദ്യംചെയ്തതില്‍നിന്ന് പോലിസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 10 വര്‍ഷത്തിനിടെ കേരളത്തിലുടനീളം നൂറിലേറെ തോക്കുകള്‍ പ്രതികള്‍ നിര്‍മിച്ച് വില്‍പ്പന നടത്തിയെന്നാണ് പ്രാഥമികവിവരം. മന്ദിരം കവലയിലെ ആല കേന്ദ്രീകരിച്ച് 12 വര്‍ഷമായി സംഘം തോക്ക് നിര്‍മിച്ചുനല്‍കുന്നുണ്ട്. 10,000 മുതല്‍ 25,000 വരെ രൂപയാണു തോക്കുകള്‍ക്ക് ഈടാക്കിയിരുന്നത്. തോക്കിനാവശ്യമായ സാധനങ്ങള്‍ കോയമ്പത്തൂരില്‍നിന്നാണ് എത്തിച്ചിരുന്നത്. അതീവരഹസ്യമായി നടത്തിയിരുന്ന നിര്‍മാണത്തില്‍ തോക്കിന്റെ വിവിധ ഭാഗങ്ങള്‍ പല സ്ഥലങ്ങളിലെ ലെയ്ത്തിലെത്തിച്ചാണ് ഇവര്‍ നിര്‍മിച്ചിരുന്നത്.

പത്തോളം തോക്കുകളും വെടിയുണ്ടകളുമായാണ് പ്രതികളെ പോലിസ് പിടികൂടിയത്. വിജയന്റെ അടക്കം വീടുകളില്‍ പോലിസ് നടത്തിയ റെയ്ഡില്‍ തോക്കിന്റെ വിവിധ ഭാഗങ്ങള്‍, വെടിയുണ്ടകള്‍, ചന്ദനത്തടി, വെടിമരുന്ന്, തോക്കിന്റെ ബാരലുണ്ടാക്കാന്‍ ഉപയോഗിക്കുന്ന കുഴല്‍, പിടി, തോക്കിന്റെ മോഡലുകള്‍, വ്യാജവെടിയുണ്ടകള്‍ നിര്‍മിക്കുന്നതിനാവശ്യമായ സാമഗ്രികള്‍, 50 ഓളം ഇരുമ്പുവടികള്‍ തുടങ്ങിയവ പോലിസ് പിടിച്ചെടുത്തിരുന്നു. വിജയന്റെയും ലിജോയുടെയും വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഓരോ റിവോള്‍വറും കണ്ടെടുത്തിരുന്നു.

വേട്ടയ്ക്കായാണ് തോക്കുകള്‍ നിര്‍മിച്ചുനല്‍കിയതെന്നാണ് ചോദ്യംചെയ്യലില്‍ സംഘം പോലിസിനോട് പറഞ്ഞത്. എന്നാല്‍, റിവോള്‍വറുകള്‍ എന്തിനാണ് നിര്‍മിച്ച് നല്‍കിയതെന്ന കാര്യത്തില്‍ ദുരൂഹത തുടരുകയാണ്. തോക്ക് നിര്‍മാണസംഘത്തിന്റെ പക്കല്‍നിന്നും തോക്ക് വാങ്ങിയതായി ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ ലിജോയുടെ വീട്ടില്‍ നടത്തിയ തിരച്ചിലിലാണ് ഒരു റിവോള്‍വറും വെടിയുണ്ടകളും കണ്ടെത്തിയത്. പ്രതികളില്‍ പലരും ആയുധം കൈവശംവച്ചതിന് ഇതിനു മുമ്പും അറസ്റ്റിലായവരാണ്. ആംസ് ആക്ട്, ആയുധനിര്‍മാണം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്ന് പോലിസ് അറിയിച്ചു. ഇവരിപ്പോള്‍ റിമാന്റിലാണ്. ബിജെപിയുടെ ഉന്നതനേതാക്കളുമായടക്കം ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് കെ എന്‍ വിജയന്‍. അതുകൊണ്ടുതന്നെ പ്രതികളെ രക്ഷിക്കാന്‍ ബിജെപി നേതൃത്വത്തില്‍നിന്ന് ഇടപെടലുകളുണ്ടാവുന്നതായി ആക്ഷേപം ശക്തമാണ്.

ജില്ലയിലെ ബിജെപിയുടെ ഉന്നതനേതാവാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ബിജെപി- ആര്‍എസ്എസ് സ്വാധീനമേഖലയാണ് പള്ളിക്കത്തോട്. ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ക്ക് തോക്ക് നിര്‍മിച്ചുനല്‍കിയിട്ടുണ്ടെന്ന ആക്ഷേപമുയര്‍ന്ന സാഹചര്യത്തില്‍ ഇതെക്കുറിച്ചും പോലിസ് അന്വേഷണം നടത്തുന്നുണ്ട്. ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് ബിജെപി നേതാവ് ഉള്‍പ്പെട്ട സംഘം പോലിസ് പിടിയിലാവുന്നത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതികള്‍ അറസ്റ്റിലായത്. പള്ളിക്കത്തോട്ടിലെ വെല്‍ഡിങ് കടയില്‍ തോക്കിന്റെ ഭാഗങ്ങള്‍ വെല്‍ഡ് ചെയ്യാന്‍ ഒരാള്‍ എത്തിയെന്നായിരുന്നു കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ സന്തോഷ്‌കുമാറിനു ലഭിച്ച വിവരം.

തുടര്‍ന്ന് എസ്‌ഐ അജി ഏലിയാസിന്റെയും സിവില്‍ പോലിസ് ഓഫിസര്‍ ജയകൃഷ്ണന്റെയും നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ഇതോടെയാണ് തോക്ക് വെല്‍ഡ് ചെയ്യാനെത്തിയയാളെ കണ്ടെത്തിയത്. തുടര്‍ന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗിരീഷ് പി സാരഥി, പാമ്പാടി സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ യു ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ പിടിയിലായവരുടെ വീടുകള്‍ റെയ്ഡ് നടത്തിയപ്പോള്‍ വന്‍ ആയുധശേഖരം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് എസ്ഡിപിഐ, ഡിവൈഎഫ്‌ഐ അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. 

Tags:    

Similar News