ചിറ്റൂരില്‍ എല്‍ഡിഎഫിന് വോട്ട് അഭ്യര്‍ത്ഥിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റ്
പാലക്കാട്: ചിറ്റൂര്‍ നിയമസഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് ബിജെപി സ്ഥാനാര്‍ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ബിജെപി സ്ഥാനാര്‍ഥി പ്രണേഷ് രാജേന്ദ്രന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. വി. മുരുകദാസിന് വോട്ട് നല്‍കണമെന്ന് ആവശ്യപ്പെടുന്ന കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. മിനിറ്റുകള്‍ക്കുള്ളില്‍ പോസ്റ്റ് നീക്കം ചെയ്‌തെങ്കിലും ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി. മുരുകദാസിന്റെ ചിഹ്നമായ 'മോതിരത്തിന്' വോട്ട് ചെയ്യണമെന്നും വികസനത്തിന്റെ തുടര്‍ച്ചയ്ക്കായി എല്‍ഡിഎഫിന് വോട്ട് നല്‍കണമെന്നും പോസ്റ്റില്‍ ആഹ്വാനം ചെയ്യുന്നു. കൂടാതെ, യുഡിഎഫ് മണ്ഡലത്തില്‍ തരംതാഴ്ന്ന രാഷ്ട്രീയ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും ജനാധിപത്യത്തെ പരിഹസിക്കുന്ന കോണ്‍ഗ്രസ് നാടകത്തിന് ചിറ്റൂര്‍ മറുപടി നല്‍കുമെന്നും പോസ്റ്റില്‍ പരാമര്‍ശമുണ്ട്.
ഈ സംഭവം ബിജെപിയും എല്‍ഡിഎഫും തമ്മിലുള്ള രഹസ്യ ധാരണയുടെ പരസ്യമായ തെളിവാണ് എന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ഥി സുമേഷ് അച്യുതന്‍ രംഗത്തെത്തി. മണ്ഡലത്തില്‍ എല്‍ഡിഎഫ്-ബിജെപി 'ഡീല്‍' നടക്കുന്നുണ്ടെന്ന തങ്ങളുടെ വാദങ്ങള്‍ ഇതോടെ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് യുഡിഎഫ് ക്യാംപ് പ്രതികരിച്ചു.
അതേസമയം, വിവാദമായതോടെ വിശദീകരണവുമായി ബിജെപി സ്ഥാനാര്‍ത്ഥി പ്രണേഷ് രാജേന്ദ്രന്‍ രംഗത്തെത്തി. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇത്തരമൊരു പോസ്റ്റ് വന്നതെന്നും ഇതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പേജ് ഹാക്ക് ചെയ്യപ്പെട്ടതാണോ അതോ ആരെങ്കിലും ബോധപൂര്‍വ്വം കെട്ടിച്ചമച്ചതാണോ എന്ന് പരിശോധിക്കുമെന്നും സംഭവത്തില്‍ പോലിസില്‍ പരാതി നല്‍കുമെന്നും പ്രണേഷ് അറിയിച്ചു.
