ബിജെപി സ്ഥാനാര്‍ഥികളായി; എ പ്ലസ് മണ്ഡലത്തിലെവിടേയും ശോഭാ സുരേന്ദ്രനില്ല
നിലവില്‍ പ്രഖ്യാപിച്ച പ്രമുഖരുടെ പട്ടികയില്‍ ശോഭാ സുരേന്ദ്രന്റേയും വി മുരളീധരന്റേയും പേരില്ല.
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചു. 115 മണ്ഡലങ്ങളിലാണ് ബിജെപി മൽസരിക്കുന്നത്. ഇതില്‍ 112 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചത്. എന്നാൽ എ പ്ലസ് മണ്ഡലങ്ങളിലെവിടേയും ശോഭാ സുരേന്ദ്രനെ പരിഗണിച്ചില്ലെന്നത് ശ്രദ്ധേയമാണ്.
സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോന്നിയില്‍ നിന്നും മഞ്ചേശ്വരത്ത് നിന്നും മൽസരിക്കും. എ പ്ലസ് മണ്ഡലങ്ങളായ തിരുവനന്തപുരത്ത് നടന്‍ കൃഷ്ണകുമാറും വട്ടിയൂര്‍ക്കാവില്‍ വിവി രാജേഷും നേമത്ത് കുമ്മനം രാജശേഖരനും മൽസരിക്കും. രാഷ്ട്രീയത്തിലേക്കിറങ്ങിയ മെട്രോ മാന്‍ ഇ.ശ്രീധരന്‍ പാലക്കാട്ടും ജനവിധി തേടും. തൃശൂരില്‍ സുരേഷ് ഗോപി അങ്കത്തിനിറങ്ങും. മുതിര്‍ന്ന നേതാക്കളായ എം.ടി രമേശ് (കോഴിക്കോട് നോര്‍ത്ത്), സികെ പദ്മനാഭന്‍ (ധര്‍മ്മടം) പികെ കൃഷ്ണദാസ് (കാട്ടാക്കട) എന്നിരും മൽസരിക്കും. കാലിക്കറ്റ് സര്‍വകലാശാല മുന്‍ വിസി ഡോ അബ്ദുള്‍ സലാം തിരൂരിലും മുന്‍ ഡിജിപി ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിലും മൽസരിക്കും.
സന്ദീപ് വാര്യർ ഷൊർണൂരും സി കൃഷ്ണകുമാർ മലമ്പുഴയിലും മൽസരിക്കും. മാനന്തവാടിയിൽ മണിക്കുട്ടനാണ് മൽസരത്തിനിറങ്ങുന്നത്. സികെ ജാനുവിനെ മാനന്തവാടിയിൽ തഴഞ്ഞുവെന്നതും ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പോടടുത്താണ് സികെ ജാനു വീണ്ടും എൻഡിഎയിൽ എത്തിയത്.
നിലവില്‍ പ്രഖ്യാപിച്ച പ്രമുഖരുടെ പട്ടികയില്‍ ശോഭാ സുരേന്ദ്രന്റേയും വി മുരളീധരന്റേയും പേരില്ല. പാർട്ടി കഴക്കൂട്ടത്ത് മൽസരിക്കാൻ പറഞ്ഞാൽ തയ്യാറാണെന്ന് വി മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം കഴക്കൂട്ടത്ത് അല്ലാതെ വേറെയെവിടേയും മൽസരിക്കാനില്ലെന്നാണ് ശോഭാ സുരേനന്ദ്രന്റെ നിലപാട്.
