അഞ്ച് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്- ബിജെപി ധാരണയെന്ന് കോടിയേരി

കേരളത്തില്‍ ആര്‍എസ്എസ്- ബിജെപി- യുഡിഎഫ്- എസ്ഡിപിഐ അവിശുദ്ധ കൂട്ടുകെട്ട്. എസ്ഡിപിഐയുമായി ചര്‍ച്ച നടത്താന്‍ ലീഗിനെ ചുമതലപ്പെടുത്തിയത് കോണ്‍ഗ്രസാണ്.

Update: 2019-03-20 13:39 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്- ബിജെപി ധാരണയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ മണ്ഡലങ്ങളില്‍ ബിജെപിയും ആര്‍എസ്എസ്സും ദുര്‍ബല സ്ഥാനാര്‍ഥികളെ നിര്‍ത്തി യുഡിഎഫിനെ സഹായിക്കും. കൊല്ലം, എറണാകുളം, വടകര, കോഴിക്കോട്, കണ്ണൂര്‍ എന്നീ മണ്ഡലങ്ങളിലാണ് ദുര്‍ബലരായ സ്ഥാനാര്‍ഥികളെ നിര്‍ത്തുക. ഇതിനു പകരമായി തിരുവനന്തപുരത്ത് കുമ്മനത്തെ ജയിപ്പിച്ചുനല്‍കാമെന്നാണ് ധാരണ. കെ മുരളീധരനെ വട്ടിയൂര്‍ക്കാവില്‍ നിന്നുംമാറ്റി വടകരയില്‍ സ്ഥാനാര്‍ഥിയാക്കിയത് ഇതിനു തെളിവാണെന്നും കോടിയേരി പറഞ്ഞു.

ഇടതുതരംഗം ഉറപ്പായതോടെയാണ് ഈ നീക്കം. എല്‍ഡിഎഫിനെ തോല്‍പ്പിക്കുകയെന്നതാണ് യുഡിഎഫിന്റേയും ബിജെപിയുടേയും അജണ്ട. എറണാകുളത്ത് ടോം വടക്കനെയും വടകരയില്‍ സജീവനെയും ആലപ്പുഴയില്‍ കെ എസ് രാധാകൃഷ്ണനെയും നിര്‍ത്തുന്നതും ഇതിന് ഉദാഹരണമാണ്. ആര്‍എസ്എസ്- യുഡിഎഫ്- എസ്ഡിപിഐ അവിശുദ്ധ കൂട്ടുകെട്ടാണ് തിരഞ്ഞെടുപ്പില്‍ ഉണ്ടാവുകയെന്ന് കോടിയേരി ആരോപിച്ചു. യുഡിഎഫ് എസ്ഡിപിഐയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയെന്നത് ഉറപ്പാണ്. എസ്ഡിപിഐയുമായി ചര്‍ച്ച നടത്താന്‍ ലീഗിനെ ചുമതലപ്പെടുത്തിയത് കോണ്‍ഗ്രസാണ്. പരമാവധി എസ്ഡിപിഐ വോട്ടുകള്‍ മലപ്പുറത്തും പൊന്നാനിയിലും കോഴിക്കോട്ടും ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. ഇതുവഴി കേരളത്തില്‍ ആര്‍എസ്എസ്- ബിജെപി- യുഡിഎഫ്- എസ്ഡിപിഐ അവിശുദ്ധ കൂട്ടുകെട്ടാണെന്നും കോടിയേരി ആരോപിച്ചു.

വടകരയില്‍ കോലീബി സഖ്യമാണെന്ന സിപിഎം സ്ഥാനാര്‍ഥി പി ജയരാജന്റെ ആരോപണത്തിന് പിന്നാലെയാണ് കോടിയേരിയുടെ പ്രതികരണം. ബിജെപി തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയും കോഴിക്കോട്ടെ യുവമോര്‍ച്ചാ ജില്ലാ സെക്രട്ടറിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ സ്വാഗതം ചെയ്തു. ഇത് അവിശുദ്ധ കൂട്ടുകെട്ടിനു തെളിവാണ്. കോണ്‍ഗ്രസ് വോട്ട് മറിച്ചതു കൊണ്ടാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് ഒ രാജഗോപാല്‍ വിജയിച്ചത്. വടകരയില്‍ കെ മുരളധീരന്‍ സ്ഥാനാര്‍ഥിയായതില്‍ ഭയമില്ല. ഒമ്പതു തവണ മല്‍സരിച്ച് നാലുതവണ മാത്രം ജയിച്ചയാളാണ് മുരളീധരന്‍. മന്ത്രിയായിരിക്കെ തിരഞ്ഞെടുപ്പില്‍ അദ്ദേഹം തോറ്റിട്ടുണ്ടെന്നും കോടിയേരി വ്യക്തമാക്കി. 

Tags: