ബിഷപ് ഫ്രാങ്കോ മുളയക്കലിനെതിരായ കേസിലെ സാക്ഷിയായ കന്യാസ്ത്രീ തടങ്കലിലെന്ന് ബന്ധുക്കള്‍; പോലീസെത്തി മോചിപ്പിച്ചു

കന്യാസ്ത്രീ അംഗമായ സന്യാസിനി സഭയുടെ മേലധികാരിയടക്കം അഞ്ചു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

Update: 2019-02-19 11:23 GMT

കൊച്ചി: ജലന്ധര്‍ രൂപത ബിഷപായിരുന്ന ഫ്രാങ്കോമുളയക്കലിനെതിരായ കേസില്‍ സാക്ഷിയായിരുന്ന കന്യാസ്ത്രിയെ മഠത്തില്‍ തടങ്കലിലാക്കിയെന്ന സഹോദരന്റെ പരാതിയില്‍ പോലീസെത്തി കന്യാസ്ത്രീയ മോചിപ്പിച്ചു.കന്യാസ്ത്രീ അംഗമായ സന്യാസിനി സഭയുടെ മദര്‍ സൂപീരിയര്‍ അടക്കം അഞ്ചു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.മൂവാറ്റുപുഴയിലെ മഠത്തിലെ കന്യാസ്ത്രീയായിരുന്ന സിസ്റ്റര്‍ ലിസിയെയണ് പോലീസെത്തി മോചിപ്പിച്ചത്.ഇതിനു ശേഷം പോലീസ് കന്യാസ്ത്രീയുടെ മൊഴി രേഖപെടുത്തി.തുടര്‍ന്ന് ഇവരെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കി.കോടതിയുടെ മുന്നില്‍ കന്യാസ്ത്രീ വിവരങ്ങള്‍ എല്ലാം തുറന്നു പറഞ്ഞതായാണ് അറിയുന്നത്്. തുടര്‍ന്ന് കന്യാസ്ത്രീയുടെ ആവശ്യപ്രകാരം ഇവരുടെ അമ്മ ചികില്‍സയില്‍ കഴിയുന്ന തൊടുപുയിലെ ആശുപത്രിയിലേക്ക് സഹോദരനൊപ്പം പോയി. ഇവര്‍ക്ക് നിലവില്‍ അവര്‍ അംഗമായ മഠത്തില്‍ തുടരാന്‍ താല്‍പര്യമുണ്ടെങ്കില്‍ അവിടെ തുടരാമെന്നും അതല്ല വീട്ടിലേക്ക് പോകാനാണെങ്കില്‍ അതും ആകാമെന്നും കോടതി പറഞ്ഞു. മഠത്തില്‍ തുടരുകയാണെങ്കില്‍ പോലീസ് സംരക്ഷണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.അമ്മയുടെ അടുത്തു നിന്നും മടങ്ങി വന്നതിനു ശേഷം മാത്രമെ ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തമാകുകയുളളു. അതേ സമയം സിസ്റ്റര്‍.ലിസിയെ കേരളത്തിലെ മഠത്തില്‍ തന്നെ തുടരാന്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഇവരെ സമ്മര്‍ദ്ദത്തിലാക്കി തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നൂം ആവശ്യപ്പെട്ട് സേവ് ഔര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കോട്ടയം എസ്പിക്കു പരാതി നല്‍കിയിട്ടുണ്ട്.

Tags: