പക്ഷിപ്പനി: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തരുതെന്ന് ജില്ലാ കലക്ടര്‍

പക്ഷികള്‍ക്ക് രോഗമില്ലെന്നു പറഞ്ഞാണ് പ്രദേശവാസികള്‍ ദ്രുത കര്‍മ്മ സേനയെ തടഞ്ഞത്. ഇന്നു മുതല്‍ വാര്‍ഡ് കൗണ്‍സിലറും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും ഒരു പോലിസ് ഓഫിസറും ഓരോ ഗ്രൂപ്പിനൊപ്പവുമുണ്ടാകും.

Update: 2020-03-11 11:04 GMT

കോഴിക്കോട്: പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങള്‍ പങ്കാളികളാവുകയും സഹകരിക്കുകയും ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു. വേങ്ങേരി പ്രദേശത്തെ ഒരു കൂട്ടമാളുകള്‍ ദ്രുതകര്‍മ്മ സേനയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയത് സംബന്ധിച്ച് കലക്ടറേറ്റില്‍ ചേര്‍ന്ന മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പക്ഷികള്‍ക്ക് രോഗമില്ലെന്നു പറഞ്ഞാണ് പ്രദേശവാസികള്‍ ദ്രുത കര്‍മ്മ സേനയെ തടഞ്ഞത്. ഇന്നു മുതല്‍ വാര്‍ഡ് കൗണ്‍സിലറും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും ഒരു പോലിസ് ഓഫിസറും ഓരോ ഗ്രൂപ്പിനൊപ്പവുമുണ്ടാകും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഇത്തരം നടപടിക്രമങ്ങള്‍ പാലിക്കാന്‍ ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഒരുപോലെ ബാധ്യസ്ഥരാണെന്ന് കലക്ടര്‍ പറഞ്ഞു.

രോഗബാധിത പ്രദേശത്തു നിന്നും മാറ്റിയ പക്ഷികളെ ഇന്ന് പോലിസ് അകമ്പടിയോടെ ദ്രുതകര്‍മ്മസേന അവിടെയെത്തി ഏറ്റെടുത്ത് നശിപ്പിക്കും. ഇത്തരത്തില്‍ പക്ഷികളെ ഒളിച്ചുവെക്കുകയോ സ്ഥലം മാറ്റുകയോ ചെയ്യുന്നവര്‍ സാമൂഹികവിരുദ്ധ പ്രവര്‍ത്തനമാണ് ചെയ്യുന്നതെന്ന് കലക്ടര്‍ പറഞ്ഞു. ഇത് രോഗവ്യാപന സാധ്യത പതിന്മടങ്ങ് വര്‍ധിപ്പിക്കും.

ഇന്നലെ 1266 പക്ഷികളെയും 859 മുട്ടകളും 102.66 കി.ഗ്രാം തീറ്റയും നശിപ്പിച്ചു. 169 വീടുകളിലാണ് ദ്രുതകര്‍മ്മ സേന സന്ദര്‍ശനം നടത്തിയത്.

Tags: