ബിജെപിയെ വെല്ലുവിളിച്ച് പി പി മുകുന്ദൻ; തിരുവനന്തപുരത്ത് മൽസരിക്കാൻ നീക്കം

നേതൃത്വത്തിന്‍റെ തെറ്റ് തിരുത്താനാണ് നീക്കമെന്നും ശിവസേന അടക്കമുള്ള ചില സംഘടനകൾ പിന്തുണയുമായി സമീപിച്ചതായും മുകുന്ദൻ സ്വകാര്യ ചാനലിനോട് പറഞ്ഞു.

Update: 2019-02-09 19:55 GMT

തിരുവനന്തപുരം:  ബിജെപി സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിച്ച് മുതിർന്ന നേതാവായ പി പി മുകുന്ദൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് മൽസരിക്കാൻ തയ്യാറെടുക്കുന്നു. സംസ്ഥാനത്ത് ബിജെപി ഏറ്റവും പ്രതീക്ഷ വെക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. നേതൃത്വത്തിന്‍റെ തെറ്റ് തിരുത്താനാണ് നീക്കമെന്നും ശിവസേന അടക്കമുള്ള ചില സംഘടനകൾ പിന്തുണയുമായി സമീപിച്ചതായും മുകുന്ദൻ സ്വകാര്യ ചാനലിനോട് പറഞ്ഞു. ശബരിമല പ്രശ്നം മുതലാക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും തന്നെ വേണ്ടെങ്കിൽ പാർട്ടി പുറത്താക്കട്ടെയെന്നും മുകുന്ദൻ വ്യക്തമാക്കി.  കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് സ്വതന്ത്രനായി മത്സരിക്കാൻ ശ്രമം നടത്തിയെങ്കിലും ഒ രാജഗോപാൽ അടക്കമുള്ള നേതാക്കൾ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.. ശബരിമല പ്രശ്നം സുവർണ്ണാവസരമാണ്, പക്ഷേ സംസ്ഥാന അധ്യക്ഷൻ അടക്കമുള്ളവർ അവസരം കളഞ്ഞ് കുളിച്ചെന്നാണ് മുകുന്ദന്റെ വിമർശനം.

ഏറെക്കാലം പുറത്തായിരുന്ന മുകുന്ദൻ അടുത്തിടെയാണ്  പാർട്ടിയിലേക്ക് തിരികെയെത്തിയത്.  പാർട്ടിയുടെ പ്രധാന സ്ഥാനങ്ങളിലേക്ക് മടക്കിക്കൊണ്ടുവരാമെന്ന് പറഞ്ഞ നേതാക്കൾ ഉറപ്പ് പാലിക്കാത്തതിലുള്ള അമർഷമാണ് മൽസരിക്കാനുള്ള നീക്കത്തിന് പ്രധാന കാരണം. ബിജെപിയുമായി അകന്ന് ഒറ്റക്ക് മത്സരിക്കാനൊരുങ്ങുന്ന ശിവസേനയാണ് മുകുന്ദനെ കളത്തിലിറക്കാൻ കരുക്കൾ നീക്കുന്നത്. 

കുമ്മനം രാജശേഖരൻ സംസ്ഥാന അധ്യക്ഷനായ സമയത്ത്  പാർട്ടി സംസ്ഥാന ആസ്ഥാനത്ത് വർഷങ്ങൾക്ക് ശേഷം മുകുന്ദൻ തിരിച്ചെത്തിയിരുന്നു. ചില പരിപാടികളിലും സജീവമായി. പക്ഷേ പിന്നീട് മുകുന്ദന് മുന്നിൽ നേതൃത്വം വാതിൽ കൊട്ടിയടക്കുകയായിരുന്നു. 

Tags:    

Similar News