എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി ഹൈക്കോടതിയില്‍

Update: 2019-07-22 04:33 GMT

മുംബൈ: ബിഹാര്‍ സ്വദേശിനി നല്‍കിയ ലൈംഗിക പീഡനക്കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരായി രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ഹരജി മുംബൈ ഹൈക്കോടതി ബുധനാഴ്ച പരിഗണിച്ചേക്കും. ബിനോയിക്കെതിരേ യുവതി മുംബൈ ഒഷിവാര പോലിസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയിരുന്നത്.

നിലവില്‍ ബിനോയ് പോലിസ് സ്‌റ്റേഷനില്‍ ഹാജരാകാനിരിക്കെയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് കെട്ടിച്ചമച്ചതാണ് എന്നതാണ് ബിനോയ് കോടിയേരിയുടെ പ്രധാന വാദം. കൂടാതെ യുവതിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നും ബിനോയ് പറയുന്നു.

മറ്റു തടസ്സങ്ങളൊന്നുമില്ലെങ്കില്‍ ഡിഎന്‍എ പരിശോധനയ്ക്കായി ബിനോയിയുടെ രക്തസാംപിള്‍ എടുക്കാനാണ് മുംബൈ പോലിസിന്റെ തീരുമാനം. എന്നാല്‍ ഡിഎന്‍എ പരിശോധന ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരമൊരു ഹര്‍ജി നല്‍കിയിരിക്കുന്നതെന്നാണ് സൂചന.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു രക്തസാംപിള്‍ കൈമാറേണ്ടിയിരുന്നത്. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കാണിച്ച് മെഡിക്കല്‍ രേഖകള്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് ഇതു മാറ്റി വയ്ക്കുകയായിരുന്നു.

Tags: