ബിനീഷിന്റെ അറസ്റ്റ്: മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും മൗനം വെടിയണം- മുല്ലപ്പള്ളി

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും ഈ വിഷയത്തില്‍ എന്താണ് പറയാനുള്ളത്. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെയും അറസ്റ്റ് സംബന്ധിച്ച മുഖ്യമന്ത്രിയുടെ വിശദീകരണം പരിഹാസ്യമാണ്

Update: 2020-10-30 11:33 GMT

തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്നുമായി ബന്ധപ്പെട്ട കള്ളപ്പണമിടപാട് കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും മൗനം വെടിയണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും ഈ വിഷയത്തില്‍ എന്താണ് പറയാനുള്ളത്. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെയും അറസ്റ്റ് സംബന്ധിച്ച മുഖ്യമന്ത്രിയുടെ വിശദീകരണം പരിഹാസ്യമാണ്.

അസാമാന്യതൊലിക്കട്ടിയാണ് മുഖ്യമന്ത്രിക്ക്. ധാര്‍മികമൂല്യം ഉയര്‍ത്തിപ്പിടിക്കുകയും അഴിമതിയ്‌ക്കെതിരേ പോരാട്ടം നടത്തുകയും ചെയ്യുന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്തുകൊണ്ട് ബീനീഷ് കോടിയേരിയുടെ അറസ്റ്റില്‍ പ്രതികരിക്കുന്നില്ലെന്നും മുല്ലപ്പള്ളി ചോദിച്ചു. സിപിഎം കേന്ദ്രകമ്മിറ്റിയുടെ 2009 ലെ തെറ്റുതിരുത്തല്‍ രേഖയ്ക്കും 2015ലെ സംസ്ഥാന പ്ലീനത്തിലെ പെരുമാറ്റച്ചട്ടം സംബന്ധിച്ച പ്രമേയത്തിനും കടകവിരുദ്ധമായ കാര്യങ്ങളാണ് പാര്‍ട്ടി സെക്രട്ടറിയുടെ മകനുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടന്നത്.

എന്നിട്ടും സിപിഎം ദേശീയ- സംസ്ഥാന നേതാക്കള്‍ പ്രതികരിക്കാന്‍ തയ്യാറാവാത്തത് വഞ്ചനാപരമാണ്. മയക്കുമരുന്ന് സംഘത്തിന് സാമ്പത്തികം ഉള്‍പ്പെടെ എല്ലാ സഹായങ്ങളും ബീനീഷ് ചെയ്തെന്ന എന്‍ഫോഴ്സ്മെന്റിന്റെ കണ്ടെത്തലിനെ തള്ളിപ്പറയുകയും അറസ്റ്റുചെയ്തത് വേട്ടയാടലിന്റെ ഭാഗമാണെന്ന് പരസ്യനിലപാടെക്കുകയും ചെയ്ത സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം വിചിത്രമാണ്. യഥാര്‍ഥ കമ്മ്യൂണിസ്റ്റുകാരെ വേദനിപ്പിക്കുന്നതാണ് ഈ വിഷയത്തില്‍ കാനം നടത്തിയ പ്രസ്താവനയെന്നും മുല്ലപ്പള്ളി പറഞ്ഞു.

Tags:    

Similar News