സര്‍ട്ടിഫിക്കറ്റ് വിതരണത്തിനിടെ ഡോക്ടറുടെ ഹിജാബ് നീക്കി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

Update: 2025-12-15 17:16 GMT

പട്ന: സര്‍ക്കാര്‍ ചടങ്ങിനിടെ യുവതിയുടെ മുഖത്തുനിന്നും നിഖാബ് (മുഖംമറയ്ക്കുന്ന വസ്ത്രം) മാറ്റാന്‍ ശ്രമിച്ച് വീണ്ടും വിവാദത്തിന് വഴിവച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പട്നയില്‍ തിങ്കളാഴ്ച നടന്ന ഒരു ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിനിടെയാണ് അദ്ദേഹം ഡോക്ടറുടെ നിഖാബില്‍ പിടിച്ച് വലിച്ചുതാഴ്ത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

10ാം തവണയും ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരു മാസം പിന്നിടുമ്പോഴാണ് 74-കാരനായ ജെഡിയു നേതാവിന്റെ ഭാഗത്തുനിന്നും ഇത്തരത്തില്‍ ഒരു പ്രവര്‍ത്തി ഉണ്ടായത്. സര്‍ക്കാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആയുര്‍വേദ, യോഗ, പ്രകൃതി ചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി (AYUSH) ഡോക്ടറായ യുവതിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചതിന് പിന്നാലെ അദ്ദേഹം യുവതിയോട് നിഖാബ് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. മുഖ്യമന്ത്രിയുടെ ആവശ്യത്തോട് ഏതെങ്കിലും തരത്തില്‍ യുവതിക്ക് പ്രതികരിക്കാന്‍ കഴിയുന്നതിന് മുമ്പുതന്നെ നിതീഷ് കുമാര്‍ അവരുടെ മുഖത്തുനിന്നും ബലമായി നിഖാബ് പിടിച്ച് താഴേക്ക് വലിക്കുകയായിരുന്നു.

ഇതോടെ യുവതിയുടെ മുഖം ഭാഗികമായി വീഡിയോയില്‍ കാണാന്‍ സാധിക്കുന്നുണ്ട്. പശ്ചാത്തലത്തില്‍ ചിലര്‍ ചിരിക്കുന്നുണ്ടെങ്കിലും, ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി നിതീഷ് കുമാറിനെ തടയാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. വീഡിയോ വൈറലായതോടെ പ്രതിപക്ഷവും രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി. അദ്ദേഹത്തിന്റേത് അത്യന്തം ഹീനവും ലജ്ജാവഹവുമായ പ്രവര്‍ത്തിയാണെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.