സംസ്ഥാനത്ത് അടച്ചിട്ട മദ്യശാലകൾ തുറക്കാനൊരുങ്ങാൻ നിര്‍ദേശവുമായി ബെവറേജസ് കോര്‍പറേഷൻ

ബെവറേജസ് കോര്‍പറേഷൻ മാനേജര്‍മാര്‍ക്കാണ് വിശദമായ മര്‍ഗ്ഗ നിര്‍ദേശങ്ങൾ അടങ്ങിയ നോട്ടീസ് നൽകിയിട്ടുള്ളത്.

Update: 2020-04-30 03:58 GMT

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അടച്ചിട്ട മദ്യശാലകൾ തുറക്കാനൊരുങ്ങാൻ നിര്‍ദേശവുമായി ബെവറേജസ് കോര്‍പറേഷൻ എംഡി. പത്തിന നിര്‍ദേശങ്ങളാണ് എംഡി ജീവനക്കാര്‍ക്ക് നൽകുന്നത്. സർക്കാർ നിർദേശം വരുന്ന മുറയ്ക്ക് ജീവനക്കാർ തയാറായിരിക്കണം.

മദ്യശാലകൾ തുറക്കാനുള്ള തീരുമാനം സര്‍ക്കാര്‍ അറിയിച്ചാലുടൻ ഷോപ്പുകൾ തുറന്ന് വൃത്തിയാക്കണം. ജീവനക്കാരെല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും എംഡി പറയുന്നു. മെയ് മൂന്നിന് ദേശീയ ലോക്ക്ഡൗൺ അവസാനിച്ചാൽ അതിന് ശേഷം മദ്യ ശാലകൾ തുറന്നേക്കും എന്ന അഭ്യൂഹങ്ങൾക്കിടെയാണ് കൊവി‍ഡ് പ്രോട്ടോകോൾ പാലിച്ച് മദ്യശാലകൾ തുറക്കാനൊരുങ്ങണമെന്ന നിര്‍ദേശം എംഡി ജീവനക്കാര്‍ക്ക് നൽകുന്നത്.

ബെവറേജസ് കോര്‍പറേഷൻ മാനേജര്‍മാര്‍ക്കാണ് വിശദമായ മര്‍ഗ്ഗ നിര്‍ദേശങ്ങൾ അടങ്ങിയ നോട്ടീസ് നൽകിയിട്ടുള്ളത്. മദ്യശാലകൾ വൃത്തിയായി സൂക്ഷിക്കണം മാസ്കുകൾ ധരിക്കണം ഹാന്റ് സാനിറ്റൈസര്‍ നിര്‍ബന്ധമായും ഉപയോഗിക്കണം എന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് ഉള്ളത്.

അതേസമയം സംസ്ഥാനത്ത് മദ്യശാലകൾ തുറക്കുന്നത് കേന്ദ്ര നിര്‍ദേശം കൂടി പരിഗണിച്ചാകും. മാത്രമല്ല ഹോട്ട് സ്പോട്ടുകളിൽ മദ്യശാലകൾ പ്രവര്‍ത്തിക്കില്ലെന്നതടക്കം കര്‍ശന വ്യവസ്ഥകളും ഉണ്ടായേക്കും. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്ന മുറക്ക് സാധ്യമായിടത്തെല്ലാം മദ്യശാലകൾ തുറക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കമെന്നാണ് അധികൃതര്‍ നൽകുന്ന വിവരം. അതനുസരിച്ചുള്ള മുന്നൊരുക്കങ്ങളാണ് നടക്കുന്നത്. 

Similar News