സക്കരിയ: നീതിനിഷേധത്തിന്റെ 11 വര്‍ഷങ്ങള്‍

ഒരു അറസ്റ്റ് നടക്കുമ്പോള്‍ പാലിക്കേണ്ട എല്ലാ നിയമങ്ങളും തെറ്റിച്ചാണ് സക്കരിയയെ കൊണ്ടുപോയത്. അറസ്റ്റ് നടക്കുമ്പോള്‍ ലോക്കല്‍ പോലിസ് സ്‌റ്റേഷനില്‍ വിവരമറിയിക്കുകയും പ്രതിയുടെ വീട്ടുകാരെ കാര്യങ്ങളറിയിക്കുകയും ചെയ്യേണ്ടതുണ്ട്. എന്നാല്‍, അറസ്റ്റിനു മൂന്നാം ദിവസം സക്കരിയ വീട്ടില്‍ വിളിച്ചുപറയുമ്പോഴാണ് തന്റെ മകനു സംഭവിച്ച ദുരന്തം ബീയുമ്മ അറിയുന്നത്.

Update: 2020-02-05 07:16 GMT

ഹമീദ് പരപ്പനങ്ങാടി

പരപ്പനങ്ങാടി: കരിനിയമങ്ങള്‍ ചുട്ടെടുക്കുന്ന വര്‍ത്തമാനകാലത്ത് യുഎപിഎ എന്ന കരിനിയമത്തിന്റെ ഏറ്റവും വലിയ ജീവിക്കുന്ന രക്തസാക്ഷികളാണ് പരപ്പനങ്ങാടിക്കാരന്‍ കോണിയത്ത് സക്കരിയയും മാതാവ് ബീയുമ്മയും. ആരൊക്കെയോ രചിച്ച നാടകത്തില്‍ കണ്ണുനീരിന്റെയും അവഗണനയുടെയും വേദനപേറുന്ന കഥാപാത്രങ്ങളാവാന്‍ ഇവര്‍ വിധിക്കപ്പെട്ടിട്ട് ഇന്നേയ്ക്ക് 11 വര്‍ഷമാവുന്നു. 25 ജൂലൈ 2008ല്‍ നടന്ന ബംഗളൂരു സ്‌ഫോടനക്കേസില്‍ എട്ടാം പ്രതിയായ സക്കരിയ ഇന്നും ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ വിചാരണത്തടവ് അനുഭവിക്കുകയാണ്. സ്‌ഫോടനത്തിനാവശ്യമായ ടൈമറും മൈക്രോ ചിപ്പുമുണ്ടാക്കാന്‍ സഹായിച്ചുവെന്നതാണു സക്കരിയക്കുമേല്‍ ആരോപിക്കപ്പെട്ട കുറ്റം. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോഴാണ് യുഎപിഎ ചുമത്തി സക്കരിയയെ അടക്കം നാട്ടുകടത്തുന്നത്.


 എന്നാല്‍, കഴിഞ്ഞ 11 വര്‍ഷമായി ബീയുമ്മ ഈ ലോകത്തോട് വിളിച്ചുപറയുകയാണ്; എന്റെ മകന്‍ നിരപരാധിയാണ്, അവനെ വിട്ടയക്കണമെന്ന്. 2009 ഫെബ്രുവരി അഞ്ചിനാണ് മലപ്പുറം പരപ്പനങ്ങാടി സ്വദേശി സക്കരിയയെ തിരൂരില്‍ അദ്ദേഹം ജോലിചെയ്യുന്ന മൊബൈല്‍ കടയില്‍നിന്ന് കര്‍ണാടക പോലിസ് 'കടത്തിക്കൊണ്ടുപോവുന്നത്'. ഒരു അറസ്റ്റ് നടക്കുമ്പോള്‍ പാലിക്കേണ്ട എല്ലാ നിയമങ്ങളും തെറ്റിച്ചാണ് സക്കരിയയെ കൊണ്ടുപോയത്. അറസ്റ്റ് നടക്കുമ്പോള്‍ ലോക്കല്‍ പോലിസ് സ്‌റ്റേഷനില്‍ വിവരമറിയിക്കുകയും പ്രതിയുടെ വീട്ടുകാരെ കാര്യങ്ങളറിയിക്കുകയും ചെയ്യേണ്ടതുണ്ട്. എന്നാല്‍, അറസ്റ്റിനു മൂന്നാം ദിവസം സക്കരിയ വീട്ടില്‍ വിളിച്ചുപറയുമ്പോഴാണ് തന്റെ മകനു സംഭവിച്ച ദുരന്തം ബീയുമ്മ അറിയുന്നത്. ആസൂത്രിതമായാണു കേസില്‍ പോലിസ് ഇടപെട്ടത്.


 സംഭവം പുറത്തറിഞ്ഞാല്‍ മകന്റെ മോചനം സാധ്യമാവില്ലെന്നും അതുകൊണ്ട് മാധ്യമങ്ങള്‍ ഇതറിയരുതെന്നും പോലിസ് ബീയുമ്മയെ പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. സക്കരിയായ്ക്ക് 10 വയസുള്ളപ്പോള്‍ മരണമടഞ്ഞതാണ് പിതാവ്. പിന്നീട് ബീയുമ്മയുടെ സഹോദരങ്ങളുടെ തണലിലാണ് അവരുടെ നാലുമക്കളും വളര്‍ന്നത്. പ്ലസ്ടുവിനുശേഷം ബികോമിനു ചേര്‍ന്ന സക്കരിയ പെട്ടെന്നു ജോലികിട്ടണമെന്ന ഉദ്ദേശത്തോടെ അത് നിര്‍ത്തി. ശേഷം ഒരുവര്‍ഷത്തെ ഇലക്ട്രോണിക്‌സ് കോഴ്‌സ് പഠിച്ചു. കോഴ്‌സ് കഴിഞ്ഞശേഷമാണു തിരൂരില്‍ ജോലിക്കുകയറുന്നത്. അവിടെ കയറിയിട്ടു നാലുമാസമാവുമ്പോഴാണ് ബംഗളൂരു സ്‌ഫോടനത്തിനു ടൈമറുണ്ടാക്കാന്‍ സഹായിച്ചു എന്നതിന്റെ പേരില്‍ അറസ്റ്റിലാവുന്നത്. വെറും ഒരുവര്‍ഷം ഇലക്ട്രോണിക്‌സ് കോഴ്‌സ് പഠിച്ചതല്ലാതെ, ആ മേഖലയില്‍ വേറെ പരിചയസമ്പത്തൊന്നും സക്കരിയക്കില്ല.


 എന്നാല്‍, ബോംബുണ്ടാക്കാന്‍ ഇലക്ട്രോണിക്‌സ് കോഴ്‌സ് പഠിച്ചുവെന്നാണു ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. രണ്ടുസാക്ഷികളെയാണു കര്‍ണാടക പോലിസ് ഹാജരാക്കിയത്; നിസാമുദ്ദീനും ഹരിദാസും. തങ്ങളെ പോലിസ് കബളിപ്പിച്ച് ഒപ്പിടുവീച്ചതാണെന്നും സക്കരിയയെ അറിയുക പോലുമില്ലെന്നും ഇവര്‍ പിന്നീട് വെളിപ്പെടുത്തി. ഇത്രയധികം തെളിവുകള്‍ പുറത്തുവന്നിട്ടും സക്കരിയയെപ്പറ്റി മുഖ്യധാരാ മാധ്യമങ്ങള്‍ പടച്ചുവിട്ട നുണക്കഥകള്‍ തിരുത്തുകപോലുമുണ്ടായില്ല. മകന്റെ മോചനത്തിനായി ബീയുമ്മ മുട്ടാത്ത വാതിലുകളില്ല. സക്കരിയ്യ ജയിലിലായശേഷം പോലിസ് നിരന്തരം ബീയുമ്മയെ വേട്ടയാടി. വീട്ടുകാരും നാട്ടുകാരും ആ കുടുംബത്തെ ഒറ്റപ്പെടുത്തി. അയല്‍ക്കാര്‍ 'തീവ്രവാദി'യുടെ ഉമ്മയോട് മിണ്ടാതായി. സാമൂഹിക ബഹിഷ്‌കരണത്തിന്റെ തലത്തിലേക്കു കാര്യങ്ങളെത്തി.


 സഹികെട്ട് അവര്‍ക്ക് വീടുവിട്ടിറങ്ങേണ്ടിവന്നു. എങ്കിലും അവര്‍ പിടിച്ചുനിന്നു. സഹോദരന്റെ വിവാഹത്തിനും പിന്നീട് മരണത്തിനും അവസാനം 2019 ല്‍ രോഗിയായ ഉമ്മയെ കാണാനുമാണ് സക്കരിയക്ക് പരോള്‍ അനുവദിച്ചത്. ഓരോ തവണയും മകനെ കണ്ട് കൊതിതീരും മുമ്പ് പ്രാര്‍ഥനയോടെ യാത്രയാക്കേണ്ടിവന്നു. ബംഗളൂരു കേസ് ഇപ്പോഴും അനന്തമായി നീളുകയാണ്. നിരവധി തവണ സുപ്രിംകോടതി ഇടപെട്ടിട്ടും സക്കരിയയ്ക്ക് മുന്നില്‍ നീതിയുടെ വാതിലുകള്‍ തുറന്നില്ല. 'എല്ലാ കോടതിക്കും മുകളില്‍ അല്ലാഹുവിന്റെ കോടതിയുണ്ട്; അവിടെ അവന് നീതിലഭിക്കും' ഈ ഉറച്ച വിശ്വാസത്തില്‍ ജീവിതം തള്ളിനീക്കുകയാണ് രോഗശയ്യയിലായ ബീയുമ്മ.  

Tags:    

Similar News