'ഹാല്‍' സിനിമയിലെ ബീഫ് ബിരിയാണി വിലക്ക്; സിനിമ കാണാന്‍ ഹൈക്കോടതി
ബീഫ് ബിരിയാണി കഴിക്കുന്നതും പര്‍ദ ധരിച്ച് ഡാന്‍സ് കളിക്കുന്ന രംഗവും ഉള്‍പ്പെടെ ഒഴിവാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്
കൊച്ചി: ഹാല്‍ സിനിമ കാണാന്‍ തീരുമാനിച്ച് ഹൈക്കോടതി. ബീഫ് ബിരിയാണി കഴിക്കുന്നതും പര്‍ദ ധരിച്ച് ഡാന്‍സ് കളിക്കുന്ന രംഗവും ഉള്‍പ്പെടെ ഒഴിവാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സിനിമ കാണാന്‍ ഹൈക്കോടതി തീരുമാനിച്ചത്.
കോടതി നേരിട്ട് സിനിമ കാണണമെന്ന ആവശ്യം സിംഗിള്‍ ബെഞ്ച് അധ്യക്ഷന്‍ ജസ്റ്റിസ് വി ജി അരുണ്‍ അംഗീകരിച്ചു. ഹരജിയിലെ കക്ഷികളുടെ അഭിഭാഷകര്‍ക്കൊപ്പമാകും സിനിമ കാണുക. സിനിമയുടെ പ്രദര്‍ശന തീയതിയും സ്ഥലവും ഹൈക്കോടതി ചൊവ്വാഴ്ച തീരുമാനിക്കും. 20 കോടി മുടക്കിയാണ് തങ്ങള്‍ ഈ സിനിമ എടുത്തിരിക്കുന്നതെന്നും അഭിപ്രായസ്വാതന്ത്ര്യത്തിന് നേരയുള്ള കടന്നുകയറ്റമാണിതെന്നും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ കോടതിയില്‍ ഉന്നയിച്ചിരുന്നു. ഹരജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
സിനിമയെ എതിര്‍ത്ത് കക്ഷി ചേരാനുള്ള താമരശ്ശേരി ബിഷപ്പിന്റെ ആവശ്യത്തെ സിനിമാ നിര്‍മ്മാതാക്കള്‍ എതിര്‍ത്തില്ല. അതേസമയം ഹാല്‍ സിനിമയ്‌ക്കെതിരേ കത്തോലിക്ക കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. സിനിമയുടെ ഉള്ളടക്കം മതസൗഹാര്‍ദത്തിന് ഭീഷണിയാണെന്നാണ് ആരോപണം. സിനിമയ്ക്ക് ദേശവിരുദ്ധ അജണ്ടയുണ്ടെന്നാണ് കത്തോലിക്ക കോണ്‍ഗ്രസ് ആരോപിക്കുന്നത്. സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് കെ വി ചാക്കോ ഹരജി നല്‍കുകയായിരുന്നു.
സിനിമയുടെ ഉള്ളടക്കം ക്രൈസ്തവ സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്താന്‍ സാധ്യതയുണ്ട്. താമരശ്ശേരി ബിഷപ്പിനെ ലൗ ജിഹാദിന്റെ പിന്തുണക്കാരനായി കാണിക്കുന്നു. ഇത് ബിഷപ്പിന്റെ വ്യക്തിപരമായ യശസ്സിനും രൂപതയ്ക്കും അപകീര്‍ത്തിയുണ്ടാക്കും തുടങ്ങിയ കാര്യങ്ങളും കത്തോലിക്ക കോണ്‍ഗ്രസ് ഉന്നയിക്കുന്നു.
സിനിമയിലെ കഥാപാത്രങ്ങള്‍ ബീഫ് ബിരിയാണി കഴിക്കുന്ന രംഗവും പര്‍ദ ധരിച്ച് ഡാന്‍സ് കളിക്കുന്ന രംഗവും ഒഴിവാക്കണമെന്നുള്ള നിര്‍ദേശം സെന്‍സര്‍ ബോര്‍ഡിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു. ഞങ്ങളുടെ സംഘം കാവലുണ്ട്, ധ്വജപ്രണാമം എന്നീ ഡയലോഗുകള്‍ ഒഴിവാക്കണമെന്നും കഥാപാത്രങ്ങള്‍ കയ്യില്‍ കെട്ടിയ രാഖി ബ്ലര്‍ ചെയ്ത് നീക്കം ചെയ്യണമെന്നും സെന്‍സര്‍ ബോര്‍ഡ് പറഞ്ഞിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പാണ് ഷെയ്ന്‍ നിഗം നായകനാകുന്ന 'ഹാല്‍' സിനിമയിലെ ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കണം, ഗണപതിവട്ടം, ധ്വജപ്രണാമം, സംഘം കാവലുണ്ട്, രാഖി തുടങ്ങിയ പരാമര്‍ശങ്ങളും ഒഴിവാക്കണം എന്നുള്ള 15 നിര്‍ദേശങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍(സിബിഎഫ്‌സി)ആണ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത്.
ഇതിന് വിചിത്രമായ കാരണങ്ങളാണ് ബോര്‍ഡ് ചൂണ്ടിക്കാട്ടിയത്. ഇതിനെതിരെ ചിത്രത്തിന്റെ നിര്‍മാതാക്കളായ ജെവിജെ പ്രൊഡക്ഷന്‍സ് ഹൈകോടതിയില്‍ ഹരജി നല്‍കിയിരുന്നത്. സിനിമയില്‍ നായിക ഒരു റാപ്പ് സോങ്ങിന്റെ ഭാഗമായിട്ട് പര്‍ദ്ദയിട്ട് ഡാന്‍സ് കളിക്കുന്ന സീന്‍ കട്ട് ചെയ്യണമെന്നും നിര്‍ദേശമുണ്ടായിരുന്നു. സിനിമയില്‍ ന്യൂഡിറ്റിയോ വയലന്‍സോ ഒന്നുമില്ലെന്ന് നിര്‍മാതാക്കള്‍ പറഞ്ഞിരുന്നു.
സിനിമയിലൂടെ നല്ലൊരു സന്ദേശം നല്‍കാനാണ് ശ്രമിച്ചത്, സമൂഹത്തില്‍ നടക്കുന്ന പ്രശ്നങ്ങള്‍ സിനിമയിലൂടെ പറയാന്‍ ശ്രമിക്കുന്നുണ്ട്, എന്നാല്‍ ഒരു മതത്തിനെയോ രാഷ്ട്രീയപാര്‍ട്ടികളെയോ അപമാനിച്ചിട്ടില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രമാണിത്. ബോളിവുഡിലെ ശ്രദ്ധേയ ഗായകന്‍ അങ്കിത് തിവാരി മലയാളത്തിലേക്ക് ആദ്യമായി എത്തുന്ന സിനിമ കൂടിയാണിത്.

