തൃശൂര്‍: ബഷീര്‍ മലയാളത്തില്‍ ആധുനിക ആഖ്യാന സാഹിത്യത്തിന്റെ അഗ്രദൂതനായിരുന്നുവെന്നും, അദ്ദേഹം അനുഭവാവിഷ്‌കാരത്തിനു പുതിയ ഭാഷ നിര്‍മിച്ചുവെന്നും കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു. അക്കാദമി ഹാളില്‍ ആശയം ബുക്‌സ് സംഘടിപ്പിച്ച ബഷീര്‍ അനുസ്മരണ, പുരസ്‌കാര വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഷീര്‍ മുസ്ലിം ജീവിതം ആവിഷ്‌കരിക്കുമ്പോള്‍ തന്നെ മനുഷ്യാവസ്ഥയുടെ സങ്കടങ്ങളാണ് അവതരിപ്പിച്ചത്. പാര്‍ശ്വങ്ങളില്‍ നിന്നുകൊണ്ട് അദ്ദേഹം ജീവിതം കണ്ടു. ജനതയുടെ ചരിത്രകാരനായി. ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ടവരെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്ന നീതിബോധം ബഷീര്‍ മലയാളിക്ക് നല്‍കി. സച്ചിദാനന്ദന്‍ ചൂണ്ടിക്കാട്ടി.
ആശയം ബുക്‌സിന്റെ ബഷീര്‍ സ്മാരക പുരസ്‌കാരങ്ങള്‍ സച്ചിദാനന്ദന്‍ ചടങ്ങില്‍ വിതരണം ചെയ്തു. അഞ്ച് വിഭാഗങ്ങളിലായി 15 എഴുത്തുകാരാണ് ഈ വര്‍ഷം പുരസ്‌കാരത്തിന് അര്‍ഹരായത്: ഷീല ടോമി, ബാലകൃഷ്ണന്‍ ചെര്‍ക്കള, ദിനേശ് കല്യാണി (നോവല്‍); റഫീഖ് തറയില്‍, റൂബി ജോര്‍ജ്, മുജീബ് റഹ്‌മാന്‍ കരുളായി (കഥ); ഡോ. സന്ധ്യ ഇ., ശരത്ബാബു പേരാവൂര്‍, അശ്വനി എ.പി. (കവിത); ഡോ. മുഹമ്മദ് സബീര്‍ എ., ഡോ. നിത്യ പി. വിശ്വം, കെ.കെ. ഗണപതി നമ്പൂതിരിപ്പാട് (പഠനം); അനില്‍കുമാര്‍ പി.വൈ, ഡോ. കെ.വി. തോമസ്, സ്മിത സേവ്യര്‍ എന്നിവരാണ്. തുടര്‍ന്ന്, 'ഫാസിസം വാഴുമ്പോള്‍ നമ്മുടെ എഴുത്തും ജീവിതവും' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ കെ.ഇ.എന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഫാദര്‍ പോള്‍ തേലക്കാട്ട്, ഡോ. ആര്‍. യൂസുഫ്, ഒ. രാധിക, ഇഖ്ബാല്‍ വലിയവീട്ടില്‍ എന്നിവര്‍ സംസാരിച്ചു. ആശയം ബുക്‌സ് ഡയരക്ടര്‍ വി.വി.എ. ശുക്കൂര്‍ അധ്യക്ഷത വഹിച്ചു. വി.എ. സലീം സ്വാഗതവും എം. സക്കീര്‍ ഹുസൈന്‍ നന്ദിയും പറഞ്ഞു.നേരത്തേ, പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ കുട്ടികളോട് പ്രൊഫ. സി.എന്‍. ബാലകൃഷ്ണന്‍ നമ്പ്യാര്‍, ജോഷി ജോര്‍ജ്, എം.കെ. രാമചന്ദ്രന്‍ എന്നിവര്‍ സംവദിച്ചു.
