ബാങ്കിംഗ് മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത് ജനവിരുദ്ധ പരിഷ്‌കാരങ്ങള്‍: ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ

പൊതുമേഖല ബാങ്കിംഗ് സംവിധാനത്തെ പരിപൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം.രാജ്യത്ത് 27 പൊതുമേഖലാ ബാങ്കുകളായിരുന്നു ഉണ്ടായിരുന്നത്.കഴിഞ്ഞഏപ്രില്‍ ഒന്നിലെ മെഗാ ലയനത്തോടെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങി

Update: 2021-02-06 09:56 GMT

കൊച്ചി: ബാങ്കിംഗ് മേഖലയില്‍ ജനവിരുദ്ധമായ പരിഷ്‌കാരങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിവരുന്നതെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ കേരള ചാപ്റ്റര്‍ പ്രസിഡന്റ് ടി നരേന്ദ്രന്‍,ജനറല്‍ സെക്രട്ടറി എസ് എസ് അനില്‍ എന്നിവര്‍ പറഞ്ഞു. പൊതുമേഖല ബാങ്കിംഗ് സംവിധാനത്തെ പരിപൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം.രാജ്യത്ത് 27 പൊതുമേഖലാ ബാങ്കുകളായിരുന്നു ഉണ്ടായിരുന്നത്.കഴിഞ്ഞഏപ്രില്‍ ഒന്നിലെ മെഗാ ലയനത്തോടെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങി.

പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്തുന്നതിനാണ് ലയനമെന്നതായിരുന്നു കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം.എന്നാല്‍ കേന്ദ്രബജറ്റില്‍ രണ്ട് പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നുവെന്ന പ്രഖ്യാപനം വന്നു കഴിഞ്ഞു.തന്ത്രപ്രധാനമേഖല (strategic sector)എന്ന നിലയില്‍ പരമാവധി നാല് സ്ഥാപനങ്ങള്‍ മാത്രമേ പൊതുമേഖലയില്‍ നിലനിര്‍ത്തേണ്ടതുള്ളൂ എന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നു.ബാങ്കുകളിലെ കിട്ടാക്കടങ്ങള്‍ ഇന്ന് ്‌പൊതുവേ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ്.ബാങ്കുകളുടെ കിട്ടാക്കടങ്ങളില്‍ ബഹുഭൂരിപക്ഷവും വന്‍കിട കുത്തകകളുടേതാണ്.അത് തിരിച്ചു പിടിച്ചെടുക്കുന്നതിന് ഫലപ്രദമായ നടപടികള്‍ ഒന്നും തന്നെ സര്‍ക്കാര്‍ കൈക്കൊള്ളുന്നില്ല എന്ന് മാത്രമല്ല അത്തരം കുത്തകകള്‍ക്ക് പുതിയബാങ്കുകള്‍ തുടങ്ങാന്‍ അനുവാദം കൊടുക്കാന്‍ തയ്യാറെടുക്കുകയാണ് റിസര്‍വ്വ്ബാങ്ക്.

കിട്ടാക്കടങ്ങള്‍ വരുത്തിയ പല കുത്തകകളുടെയും ബാങ്ക്അക്കൗണ്ടുകളില്‍ കോടികളുടെ തട്ടിപ്പു നടത്തിയതായ വാര്‍ത്തകളും അടുത്തിടെപുറത്ത് വരികയുണ്ടായി.അത്തരക്കാര്‍ക്ക് അതേ ബാങ്കുകള്‍ കൈവശപ്പെടുത്താനുതകുന്ന നയങ്ങളാണ് ഇപ്പോള്‍ രാജ്യത്ത് നടപ്പിലാക്കുന്നത്.ബാങ്കുകളിലെ വന്‍കിട കുത്തകകളുടെ കിട്ടാക്കടങ്ങള്‍ ബാഡ് ബാങ്ക് എന്നപുതിയ ഒരു സംവിധാനത്തിലേക്ക് മാറ്റാനുള്ള നടപടിയും തീരുമാനിച്ചുകഴിഞ്ഞു.അതിലൂടെ ബാങ്കുകളുടെ ബാലന്‍സ്ഷീറ്റ് ശുദ്ധീകരിക്കപ്പെടും.കിട്ടാക്കടം വരുത്തിയ കുത്തകകള്‍ക്ക് വീണ്ടും വായ്പ ലഭിക്കാനുള്ള സാഹചര്യവും സംജാതമാകും.അനേകായിരങ്ങള്‍ക്ക്, എല്ലാ സംവരണ നിയമനമാനദണ്ഡങ്ങളും പാലിച്ച്, തൊഴില്‍ നല്‍കിയിരുന്ന സ്ഥാപനങ്ങളായിരുന്നു രാജ്യത്തെ പൊതുമേഖലാ ബാങ്കിംഗ് സംവിധാനം.സ്വകാര്യവല്‍ക്കരണത്തോടെ അത് പൂര്‍ണമായും ഇല്ലാതാകും.

നിലവിലുള്ള സ്ഥിരം നിയമനമെന്നതും കേന്ദ്രഭരണാധികാരികളുടെ ഒത്താശയോടെ പല പൊതുമേഖലാ ബാങ്കുകളും അവസാനിപ്പിച്ചുവരികയാണ്.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യഅടുത്തിടെ പുറത്തിറക്കിയ ഉത്തരവിലൂടെ ക്ലറിക്കല്‍ തസ്തികയില്‍ രാജ്യത്ത് 8500 അപ്രന്റീസ്മാരെ മുന്നുവര്‍ഷത്തേക്ക് നിയമിക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. എസ്ബി ഐയില്‍ നിലവില്‍ പ്യൂണ്‍/സ്വീപ്പര്‍ തസ്തിക പൂര്‍ണമായും കരാര്‍വല്‍ക്കരിച്ചു.ക്ലറിക്കല്‍ തസ്തികയിലും സ്ഥിരം നിയമനമില്ലാതാകുന്നതോടെ പൊതുമേഖലാ ബാങ്കുകളില്‍ പുതിയ ഒരുതൊഴില്‍ സംസ്‌ക്കാരമാണ് രൂപംകൊള്ളുന്നത്.

ഇത്തരം ജനവിരുദ്ധനയങ്ങള്‍ ജനസമക്ഷം എത്തിക്കുന്നതിനുള്ള പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടാണ് ബിഇഎഫ്‌ഐ സംസ്ഥാനകമ്മിറ്റി നാളെ വെബിനാര്‍സംഘടിപ്പിക്കും.രാവിലെ 10.30 ന് സി ഐ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരംകരീം എംപി ഉദ്ഘാടനംചെയ്യും.ബിഇഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് സി ജെ നന്ദകുമാര്‍ മോഡറേറ്ററായിരിക്കും. സൂം പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന വെബിനാര്‍ ബിഇഎഫ്‌ഐഫെയ്‌സ്ബുക്ക്‌പേജില്‍ https://www.facebook.com/BEFIKeralaState) രാവിലെ 10.30 മുതല്‍ലഭ്യമാകുമെന്നും സംഘാടകര്‍ അറിയിച്ചു.

Tags:    

Similar News