ബാങ്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് 65 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്
വിവരമറിഞ്ഞ് ബാങ്കധികൃതര്‍ നടത്തിയ പരിശോധനയില്‍ തട്ടിപ്പ് വ്യക്തമായതോടെ 15 ലക്ഷം രൂപയുടെ ഇടപാടുകള്‍ മരവിപ്പിക്കുകയായിരുന്നു
കണ്ണൂര്‍: തളിപ്പറമ്പ് അര്‍ബന്‍ കോ-ഓപറേറ്റീവ് ബാങ്കിന്റെ ഐസിഐസിഐ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് 65 ലക്ഷഷത്തോളം രൂപ തട്ടിയെടുത്തു. ഉത്തരേന്ത്യക്കാരുടെ പേരിലുള്ള അക്കൗണ്ടുകളിലേക്ക പണം വ്യാപകമായി പിന്‍വലിക്കപ്പെട്ടതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. അര്‍ബന്‍ ബാങ്കിന്റെ പേരില്‍ തളിപ്പറമ്പ് പനാമ ആര്‍ക്കേഡില്‍ പ്രവര്‍ത്തിക്കുന്ന ഐസിഐസിഐ ബാങ്കിന്റെ 11690580 നമ്പര്‍ കറന്റ് അക്കൗണ്ടില്‍ നിന്ന് 64,41,751 രൂപയാണ് തട്ടിയെടുത്തത്. വിവരമറിഞ്ഞ് ബാങ്കധികൃതര്‍ നടത്തിയ പരിശോധനയില്‍ തട്ടിപ്പ് വ്യക്തമായതോടെ 15 ലക്ഷം രൂപയുടെ ഇടപാടുകള്‍ മരവിപ്പിക്കുകയായിരുന്നു. നേത്രപാല്‍ സിങ്, രവികുമാര്‍, ടഫല്‍ സിങ്, ആദിത്യ ട്രേഡേഴ്‌സ് ബഗ്‌ളു, സൂരജ് ഗുപ്ത, ഹന്‍സ് നേര്‍ അന്‍സാരി, റെലീഷ് കുമാര്‍, ഹരീന്ദ്രര്‍ റാവത്ത്, വാരിഫ്, പ്രയാണ്‍ ദേ തുടങ്ങിയ ഉത്തരേന്ത്യന്‍ പേരുകളിലുള്ള അക്കൗണ്ടുകളിലേക്ക് ഓണ്‍ലൈന്‍ വഴി പണം ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടത്. സംശയം തോന്നിയ ഐസിഐസിഐ ബാങ്ക് മാനേജര്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് 15 ലക്ഷത്തോളം രൂപയുടെ ഇടപാട് മരവിപ്പിച്ചത്.
ഇക്കഴിഞ്ഞ ഏഴിനാണ് തട്ടിപ്പ് തുടങ്ങിയതെന്നാണു പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാവിലെയാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. 5 ലക്ഷത്തില്‍ താഴെയുള്ള തുകകളാണ് 16 വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് ഹാക്കര്‍മാര്‍ ട്രാന്‍സ്ഫര്‍ ചെയ്തത്. രാജസ്ഥാനിലും ഡല്‍ഹിയിലും ഒരേ പേരുകളില്‍ തുടങ്ങിയ അക്കൗണ്ടുകളിലേക്കാണ് പണം ട്രാന്‍സ്ഫര്‍ ചെയ്തത്. ആദ്യം രാജസ്ഥാന്‍ അക്കൗണ്ടിലെത്തിയ തുക ഉടന്‍തന്നെ ഡല്‍ഹി അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. എസ്ബിഐ, കനറാ ബാങ്ക്, ഐഡിബിഐ, ബാങ്ക് ഓഫ് ബറോഡ, ഫെഡറല്‍ ബാങ്ക് തുടങ്ങിയ ബാങ്കുകളില്‍ ആരംഭിച്ച അക്കൗണ്ടുകളിലേക്കാണ് പണം കൈമാറ്റം ചെയ്തിട്ടുള്ളത്. നിഫ്റ്റ്, ആര്‍ടിജിഎസ് ഇടപാടുകള്‍ക്കായി അര്‍ബന്‍ ബാങ്കിന് തളിപ്പറമ്പ് ഐസിഐസിഐ ബാങ്കില്‍ കറന്റ് അക്കൗണ്ടുണ്ട്. ഈ അക്കൗണ്ടിന്റെ പാസ്‌വേഡ് ഹാക്ക് ചെയ്താണ് 16 അക്കൗണ്ടുകളിലേക്ക് ഹാക്കര്‍മാര്‍ ആര്‍ടിജിഎസ്, നിഫ്റ്റ് വഴി അര്‍ബന്‍ ബാങ്കിന്റെ പണം ട്രാന്‍സ്ഫര്‍ ചെയ്തത്. അര്‍ബന്‍ ബാങ്ക് നല്‍കുന്ന അപേക്ഷയെന്ന വ്യാജേന ഹാക്കര്‍മാര്‍ നല്‍കിയ അക്കൗണ്ടുകളിലേക്ക് ഐസിഐസിഐ ബാങ്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ അക്കൗണ്ടുടമകളുടെ വിചിത്രമായ പേരുകള്‍ ശ്രദ്ധയില്‍പെട്ട ഐസിഐസിഐ ബാങ്ക് മാനേജര്‍ തളിപ്പറമ്പ് അര്‍ബന്‍ ബാങ്ക് ജനറല്‍ മാനേജര്‍ ഇ ടി രാജീവനെ ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് ബാങ്ക് അധികൃതര്‍ വിവരം അറിയുന്നത്. പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സന്ദേശം നല്‍കിയിട്ടില്ലെന്ന് അര്‍ബന്‍ ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയതോടെ ഐസിഐസിഐ ബാങ്ക് ഇടപാടുകള്‍ മരവിപ്പിച്ചു. തുടര്‍ന്ന് തളിപ്പറമ്പ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളുമായി ബന്ധപ്പെട്ട് അവരുടെ അക്കൗണ്ടിലേക്ക് പോയ പണം മരവിപ്പിച്ചതിനാല്‍ 15 ലക്ഷം രൂപ തിരിച്ചുപിടിക്കാനായി. ബാങ്ക് ജനറല്‍ മാനേജരുടെ പരാതിയില്‍ തളിപ്പറമ്പ് പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
