വാളയാര്‍ കൊലപാതക കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കി

Update: 2026-03-19 15:28 GMT

കൊച്ചി: വാളയാറില്‍ ഇതര സംസ്ഥാനക്കാരനെ ആള്‍ക്കൂട്ട കൊലപാതകത്തിനിരയാക്കിയ കേസില്‍ എട്ടു പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. മരിച്ചയാളുടെ ആശ്രിതരുടെ വാദം കേള്‍ക്കാതെയാണ് പാലക്കാട് എസ്സി/എസ്ടി സ്‌പെഷല്‍ കോടതി പ്രതികള്‍ക്ക് ജാമ്യമനുവദിച്ചത് എന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എ.ബദറുദീന്റെ നടപടി. പ്രതികള്‍ മൂന്നു ദിവസത്തിനകം കീഴടങ്ങണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പ്രതികള്‍ക്ക് നിയമപ്രകാരം വീണ്ടും ജാമ്യത്തിന് അപേക്ഷിക്കാമെന്നും പട്ടികജാതി, പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം ഇത് പരിഗണിക്കണമെന്നും കൊല്ലപ്പെട്ടയാളുടെ ആശ്രിതരുടെ വാദം കേള്‍ക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

പ്രതികള്‍ക്കു വിചാരണക്കോടതി ജാമ്യം അനുവദിച്ചതിനോട് രൂക്ഷമായാണ് ഹൈക്കോടതി പ്രതികരിച്ചത്. ജഡ്ജി യാന്ത്രികമായാണു പ്രവര്‍ത്തിച്ചതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പ്രതികള്‍ക്ക് പാലക്കാട് എസ്സി/എസ്ടി സ്‌പെഷല്‍ കോടതി തിടുക്കത്തില്‍ ജാമ്യം അനുവദിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതികളായ അനു, ആനന്ദന്‍, രാജേഷ്, ഷാജി, ജഗദീഷ്‌കുമാര്‍, പ്രസാദ്, മുരളി, വിപിന്‍ എന്നിവര്‍ക്ക് 25 മുതല്‍ 43 ദിവസം വരെ മാത്രം കസ്റ്റഡിയിലിരിക്കെയാണു സ്‌പെഷല്‍ കോടതി ജാമ്യം അനുവദിച്ചത്. എസ്സി/എസ്ടി നിയമപ്രകാരം, ഇത്തരം കേസുകളില്‍ ജാമ്യഹരജി പരിഗണിക്കുമ്പോള്‍ കൊല്ലപ്പെട്ടയാളുടെ ആശ്രിതരുടെ വാദം നിര്‍ബന്ധമായും കേള്‍ക്കണം. എന്നാല്‍, കൊല്ലപ്പെട്ട റാം നാരായണ്‍ ഭഗേലിന്റെ സഹോദരനായ ശശികാന്ത് ഭഗേലിനെ കേള്‍ക്കാതെയാണ് വിചാരണ കോടതി പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്.

ഡിസംബര്‍ 17-നാണ് ഛത്തീസ്ഗഡ് സ്വദേശിയായ റാം നാരായണ്‍ ഭഗേലിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. കേവലം നാലു ദിവസം മുമ്പു മാത്രമായിരുന്നു ഭഗേല്‍ ജോലി തേടി കേരളത്തിലെത്തിയത്. എന്നാല്‍ ബംഗ്ലാദേശിയെന്ന് ആരോപിച്ച് പ്രതികള്‍ ക്രൂരമര്‍ദനത്തിന് ഇരയാക്കുകയായിരുന്നു. ആദ്യ അഞ്ച് പ്രതികളും ഒമ്പതാം പ്രതിയും സ്ഥിരം കുറ്റവാളികളാണ്. കൊലപാതക ശ്രമം, സംഘം ചേര്‍ന്നുള്ള ആക്രമണം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി നിരവധി ക്രിമിനല്‍ കേസുകള്‍ ഇവര്‍ക്കെതിരെ മുമ്പും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഈ വാദം അംഗീകരിച്ചാണ് കോടതി ഇവരുടെ ജാമ്യം റദ്ദാക്കിയത്.





Tags: