ആര്‍എസ്എസ്സിനെ മഹത്വവല്‍ക്കരിച്ച വിവാദപാഠം നീക്കി 'ബൈജൂസ് ആപ്പ്'
ആപ്പിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പേജ് ലഭ്യമല്ലെന്ന പ്രതികരണമാണ് ലഭിക്കുന്നത്. തേജസ് ന്യൂസ് ആണ് ആര്‍എസ്എസ്സിനെ സ്വാതന്ത്ര്യസമര പ്രസ്ഥാനമാക്കിയ ബൈജൂസ് ആപ്പിന്റെ ചരിത്രനിഷേധം പുറത്തുകൊണ്ടുവന്നത്.
കോഴിക്കോട്: ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിത്തം വഹിച്ച പ്രസ്ഥാനങ്ങളുടെ പട്ടികയില്‍ ആര്‍എസ്എസ്സിനെ ഉള്‍പ്പെടുത്തിയത് വിവാദമായതിന് പിന്നാലെ പാഠഭാഗം നീക്കംചെയ്ത് 'ബൈജൂസ് ലേണിങ് ആപ്പ്'. ആര്‍എസ്എസ്സിനെ മഹത്വവല്‍ക്കരിച്ച വിവാദപാഠഭാഗം പൂര്‍ണമായും സിലബസില്‍നിന്ന് നീക്കിയിരിക്കുകയാണ്. ആപ്പിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പേജ് ലഭ്യമല്ലെന്ന പ്രതികരണമാണ് ലഭിക്കുന്നത്. തേജസ് ന്യൂസ് ആണ് ആര്‍എസ്എസ്സിനെ സ്വാതന്ത്ര്യസമര പ്രസ്ഥാനമാക്കിയ ബൈജൂസ് ആപ്പിന്റെ ചരിത്രനിഷേധം പുറത്തുകൊണ്ടുവന്നത്.
1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം മുതല്‍ 1947 ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതുവരെ നടന്ന വിവിധ സംഭവവികാസങ്ങളുടെ പട്ടികയ്‌ക്കൊപ്പം സംഘപരിവാര്‍ പ്രസ്ഥാനമായ ആര്‍എസ്എസ് കടന്നുകൂടിയതാണ് വ്യാപകവിമര്‍ശനത്തിന് വഴിവച്ചത്. സോഷ്യല്‍ മീഡിയയില്‍ അടക്കം ഇതിനെതിരേ പ്രതിഷേധമുയര്‍ന്ന പശ്ചാത്തലത്തിലാണ് വിവാദപാഠഭാഗം നീക്കാന്‍ ബൈജൂസ് ആപ്പ് തയ്യാറായിരിക്കുന്നത്. മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ വീട്ടിലിരുന്ന് സ്വന്തമായി പഠിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നതാണ് ബംഗളൂരു ആസ്ഥാനമാക്കിയ 'ബൈജൂസ് ലേണിങ് ആപ്പ്'.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരം അല്ലെങ്കില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനം എന്ന വിഷയം സംബന്ധിച്ച് വിവിധ മല്‍സരപരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ക്ക് പൊതു അവബോധമുണ്ടാവണമെന്ന തലക്കെട്ടിലാണ് വിവാദപാഠഭാഗം നല്‍കിയിരുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ രൂപീകരിക്കപ്പെടുകയും പോരാട്ടങ്ങളില്‍ സജീവമായി പങ്കാളിത്തം വഹിക്കുകയും ചെയ്ത രാഷ്ട്രീയപ്പാര്‍ട്ടികളുടെ പേരുകളുടെയും ഇക്കാലഘട്ടത്തില്‍ നടന്ന നിര്‍ണായക സംഭവങ്ങള്‍ക്കുമൊപ്പമാണ് ആര്‍എസ്എസ്സിന്റെ പേരും നല്‍കിയിരുന്നത്.
ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പഠനത്തിനായി ഉപയോഗിച്ചുവരുന്ന ആപ്പ് വഴി ആര്‍എസ്എസ്സിനെ വെള്ളപൂശുകയും ചരിത്രം വളച്ചൊടിക്കുകയും ചെയ്തതിനെതിരേ വലിയതോതില്‍ വിമര്‍ശനമുയര്‍ന്നതോടെയാണ് പാഠഭാഗം നീക്കാന്‍ 'ബൈജൂസ് ആപ്പ്' നിര്‍ബന്ധിതരായത്. മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ വീട്ടിലിരുന്ന് സ്വന്തമായി പഠിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നതാണ് ബൈജൂസ് ലേണിങ് ആപ്പ്. കണ്ണൂര്‍ അഴീക്കോട് സ്വദേശിയായ ബൈജു രവീന്ദ്രന്‍ സ്ഥാപിച്ച ബൈജൂസ് ലേണിങ് ആപ്പിന്റെ മാതൃകമ്പനി തിങ്ക് ആന്റ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡാണ്. നാലാംക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായുള്ള പാഠങ്ങള്‍ ആപ്പിലൂടെ ലഭ്യമാക്കിയിട്ടുണ്ട്.
