നൂറു പേരുടെയും ഫലം നെഗറ്റീവ്; അഴീക്കോട് ഹാര്‍ബര്‍ വീണ്ടും തുറന്നു

ഹാര്‍ബറില്‍ മത്സ്യമെത്തുമ്പോള്‍ പത്തില്‍ കൂടുതലാളുകള്‍ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശം പാലിച്ചുകൊണ്ടായിരിക്കും കച്ചവടം നടക്കുക.

Update: 2020-08-03 04:50 GMT

കൊടുങ്ങല്ലൂര്‍: കൊവിഡ് സമൂഹ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട അഴീക്കോട് ഫിഷിങ്ങ് ഹാര്‍ബര്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു. ഹാര്‍ബറില്‍ മത്സ്യമേഖലയില്‍ നിന്നുള്ളവര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ നൂറു പേരുടെയും ഫലം നെഗറ്റീവ് ആയിരുന്നു. ഈ സാഹചര്യത്തില്‍ അഴീക്കോട് കോസ്റ്റല്‍ പോലിസ് സി ഐ ടി ജി ദിലീപിന്റെ നേതൃത്വത്തില്‍ മത്സ്യമേഖലയില്‍ നിന്നുള്ളവരുമായി ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.

ഹാര്‍ബറില്‍ മത്സ്യമെത്തുമ്പോള്‍ പത്തില്‍ കൂടുതലാളുകള്‍ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശം പാലിച്ചുകൊണ്ടായിരിക്കും കച്ചവടം നടക്കുക. അഴീക്കോട് ജെട്ടിയിലെ മത്സ്യവിപണിയില്‍ വള്ളക്കാര്‍ കൊണ്ടുവരുന്ന മീനിന്റെ ചില്ലറ വില്‍പനയും കോരി വില്‍പനയും ചെറുകിട കച്ചവടക്കാര്‍ക്കുള്ള ലേലവും ഒഴിവാക്കും. ചെറുവഞ്ചിക്കാര്‍ കൊണ്ടുവരുന്ന മത്സ്യം ജെട്ടിയിലെ തിരക്ക് അനുസരിച്ച് ക്രമീകരിച്ച് വില്‍പ്പന നടത്താം. മത്സ്യം കൊണ്ടുവരുന്ന വള്ളക്കാര്‍, മീന്‍ മൊത്ത മത്സ്യവിതരണക്കാര്‍ക്ക് മത്സരാടിസ്ഥാനത്തില്‍ വില്‍പ്പന നടത്തണം. അവരില്‍ നിന്നും ചെറുകിട കച്ചവടക്കാര്‍ക്ക് മത്സ്യം വാങ്ങാവുന്നതാണ്. ലേലം ഒഴിവാക്കുക എന്നാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

ഈ രീതിയില്‍ കച്ചവടം നടത്തുക വഴി തൊഴില്‍ ലഭ്യത കുറയുന്ന തൊഴിലാളികള്‍ക്കായി മത്സ്യത്തൊഴിലാളികള്‍ നിരക്ക് നിശ്ചയിച്ച് ക്രമീകരണം നടത്തും. രാവിലെ അഞ്ചിനാണ് മൊത്ത മത്സ്യകച്ചവടം ആരംഭിക്കുക. ഹാര്‍ബറില്‍ പ്രവേശിക്കുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. താപ പരിശോധന നടത്തി മാത്രമാണ് പ്രവേശനം. ഹാര്‍ബറില്‍ അടുക്കുന്ന വള്ളത്തിന്റെ തരകന് മാത്രമേ ആ സമയം പ്രവേശനം അനുവദിക്കൂ. പോലീസിന്റെ കര്‍ശന നിയന്ത്രണത്തിലാകും കച്ചവടം. ആഗസ്റ്റ് 15 വരെ ഈ തീരുമാനങ്ങള്‍ ബാധകമാക്കും. 

Tags:    

Similar News