സവര്‍ണറുടെ ഐക്യമായിരുന്നു അയ്യപ്പഭക്തസംഗമം; പങ്കെടുക്കാതിരുന്നത് മഹാഭാഗ്യമെന്ന് വെള്ളാപ്പള്ളി

പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യമൊന്നുമുണ്ടായില്ല. ക്ഷണിച്ചിരുന്നെങ്കിലും പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് മഹാഭാഗ്യമായാണ് കാണുന്നത്. പങ്കെടുത്തിരുന്നെങ്കില്‍ അത് തന്റെ നിലപാടിന് വിരുദ്ധമാവുമായിരുന്നെന്നും കെണിയില്‍ വീണുപോവുമായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Update: 2019-01-21 08:20 GMT
സവര്‍ണറുടെ ഐക്യമായിരുന്നു അയ്യപ്പഭക്തസംഗമം; പങ്കെടുക്കാതിരുന്നത് മഹാഭാഗ്യമെന്ന് വെള്ളാപ്പള്ളി

കോട്ടയം: സവര്‍ണ വിഭാഗങ്ങളുടെ ഐക്യമാണ് ഞായറാഴ്ച തിരുവനന്തപുരത്ത് നടന്ന അയ്യപ്പഭക്തരുടെ സംഗമത്തിലുണ്ടായതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യമൊന്നുമുണ്ടായില്ല. ക്ഷണിച്ചിരുന്നെങ്കിലും പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് മഹാഭാഗ്യമായാണ് കാണുന്നത്. പങ്കെടുത്തിരുന്നെങ്കില്‍ അത് തന്റെ നിലപാടിന് വിരുദ്ധമാവുമായിരുന്നെന്നും കെണിയില്‍ വീണുപോവുമായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മീയസമ്മേളനമായിരുന്നു തിരുവനന്തപുരത്ത് നടന്നത്. എന്നാല്‍, ആത്മീയതയുടെ മറവില്‍ ശക്തമായ രാഷ്ട്രീയലക്ഷ്യങ്ങളുണ്ട്.

ശബരിമല വിഷയത്തില്‍ യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. എന്നാല്‍, ശരിയായ വസ്തുത പറഞ്ഞ് പ്രകടിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കാതെപോയി. ആര് ഭരണത്തിലിരുന്നാലും കോടതിവിധി നടപ്പാക്കുക എന്നതേ ചെയ്യാനാവൂ. എന്നാല്‍, അത് ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് സാധിച്ചില്ല. മറുഭാഗത്തിന് അവസരം വളരെയേറെ മുതലെടുക്കാനും സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ശബരിമല കയറിയ സ്ത്രീകളുടെ തെറ്റായ കണക്ക് കോടതിയില്‍ കൊടുത്തത് വലിയ വീഴ്ചയായി. സര്‍ക്കാരിന് അത് ചീത്തപ്പേരുണ്ടാക്കി. കൃത്യമായി പരിശോധിച്ചുവേണം ഇത്തരം പട്ടിക തയ്യാറാക്കാന്‍. രാഷ്ട്രീയമായി ശബരിമല വിഷയത്തെ ഉപയോഗപ്പെടുത്താന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ശ്രമിച്ചിട്ടുണ്ട്. ഭക്തിയല്ല, രാഷ്ട്രീയം തന്നെയാണ് തങ്ങള്‍ക്കുള്ളതെന്ന് ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍പിള്ള പറഞ്ഞിട്ടുമുണ്ട്.

അയ്യപ്പന്റെ പേരില്‍ ബിജെപി രാഷ്ട്രീയം കളിക്കുകയായിരുന്നു. ശബരിമല വിഷയത്തില്‍ ഹിന്ദുത്വ അജണ്ട മുന്നോട്ടുവച്ച് നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പുവരെ അവര്‍ ഇത് മുന്നോട്ടുകൊണ്ടുപോവും. എന്നാല്‍, തിരഞ്ഞെടുപ്പടുക്കുമ്പോള്‍ ഇപ്പോള്‍ ഒപ്പമുള്ള ആരൊക്കെയുണ്ടാവുമെന്ന് കണ്ടറിയാം. ശബരിമല വിഷയത്തില്‍ ചില ഉദ്യോഗസ്ഥരുടെ ഉപദേശമാണ് സര്‍ക്കാരിനെ കുഴപ്പത്തിലാക്കുന്നത്. ഇത്തരക്കാരുടെ ഉപദേശങ്ങള്‍ പത്ത് തവണയെങ്കിലും പരിശോധിച്ച ശേഷമേ സര്‍ക്കാര്‍ നടപ്പാക്കാവൂ എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News