'ദി കേരള സ്റ്റോറി'ക്ക് പുരസ്‌കാരം നല്‍കിയത് അംഗീകരിക്കാനാകില്ല; ബിജെപി ലക്ഷ്യമിടുന്നത് വിദ്വേഷ കാംപയിന്‍

Update: 2025-08-01 17:49 GMT

തിരുവനന്തപുരം: 'ദി കേരള സ്റ്റോറി' എന്ന സിനിമക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരം നല്‍കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മതവിദ്വേഷം മാത്രം ലക്ഷ്യമിട്ടാണ് 'ദി കേരള സ്റ്റോറി' എന്ന സിനിമക്ക് പുരസ്‌കാരം നല്‍കിയതെന്നും അംഗീകരിക്കാനാകില്ലെന്നും സതീശന്‍ വ്യക്തമാക്കി.

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിലും ബി ജെ പി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് വിദ്വേഷ കാംപയിന്‍ ആണ്. ക്രൈസ്തവവേട്ടക്ക് നേതൃത്വം നല്‍കുന്ന സംഘ്പരിവാറും ബി ജെ പി ഭരണകൂടവും ദേശീയ ചലച്ചിത്ര പുരസ്‌കാരത്തെയും രാഷ്ട്രീയവത്കരിച്ചിരിക്കുകയാണ്. വിഭജനത്തിന്റെ രാഷ്ട്രീയം നടപ്പാക്കുന്ന ബി ജെ പിയും സംഘ്പരിവാറും കേരളത്തെ കുറിച്ചുള്ള തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ഇത് വിലപ്പോകില്ലെന്നും സതീശന്‍ വ്യക്തമാക്കി.

മികച്ച സംവിധായകന്‍ വിഭാഗത്തിലാണ് ദി കേരള സ്റ്റോറിക്ക് പുരസ്‌കാരം നല്‍കിയത്. സുധീപ് തോ സെന്‍ ആണ് വിദ്വേഷ സിനിമ സംവിധാനം ചെയ്തത്.കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും വര്‍ഗീയത പടര്‍ത്താനും നുണകളാല്‍ പടുത്ത സിനിമക്ക് പുരസ്‌കാരങ്ങള്‍ നല്‍കിയതിലൂടെ ഇന്ത്യന്‍ സിനിമയുടെ ശ്രേഷ്ഠപാരമ്പര്യത്തെ ജൂറി അവഹേളിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 'ദി കേരള സ്റ്റോറി' സിനിമയുടെ പേര് പരാമര്‍ശിക്കാതെയാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്.

Tags: