വ്യവസായ സൗഹൃദാന്തരീക്ഷം: തദ്ദേശസ്ഥാപനങ്ങള്‍ക്ക് പുരസ്‌കാരം

ഓരോ തദ്ദേശ സ്ഥാപനത്തിലും സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങള്‍, പുതിയ വ്യവസായ സ്ഥാപനങ്ങളുടെ എണ്ണം, വ്യവസായ സ്ഥാപനങ്ങളില്‍ നിന്നുള്ള തനതു വരുമാനത്തിലെ വര്‍ധനവ് എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും പുരസ്‌കാരം നിര്‍ണയിക്കുക.

Update: 2021-08-03 14:04 GMT

തിരുവനന്തപുരം: വ്യവസായ സൗഹൃദ അന്തരീക്ഷം അടിസ്ഥാനമാക്കി തദ്ദേശസ്ഥാപനങ്ങള്‍ക്ക് പുരസ്‌കാരം ഏര്‍പ്പെടുത്തും. ഓരോ തദ്ദേശ സ്ഥാപനത്തിലും സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങള്‍, പുതിയ വ്യവസായ സ്ഥാപനങ്ങളുടെ എണ്ണം, വ്യവസായ സ്ഥാപനങ്ങളില്‍ നിന്നുള്ള തനതു വരുമാനത്തിലെ വര്‍ധനവ് എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും പുരസ്‌കാരം നിര്‍ണയിക്കുക. സംസ്ഥാനത്തെ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ യോഗത്തില്‍ വ്യവസായ മന്ത്രി പി രാജീവ്, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ എന്നിവരാണ് ഇത് അറിയിച്ചത്.

ഓരോ പഞ്ചായത്തുകളിലും വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുന്നതിന് പ്രോത്സാഹനം നല്‍കും. സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ വികസിപ്പിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നു. ഈ മാതൃകയില്‍ തദ്ദേശസ്ഥാപനങ്ങള്‍ സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുന്നതിന് മുന്‍കൈയെടുക്കണമെന്ന് വ്യവസായ മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും തദ്ദേശസ്ഥാപനങ്ങള്‍ വ്യവസായ സംരംഭകരോട് സൗഹാര്‍ദ്ദപരമായി ഇടപെടണമെന്ന് മന്ത്രിമാര്‍ നിര്‍ദ്ദേശിച്ചു.

വ്യവസായ സംരംഭങ്ങള്‍ക്ക് സംസ്ഥാന തലത്തില്‍ നിലവിലുള്ള ഇളവുകളും ഏകജാലക സൗകര്യങ്ങളും തദ്ദേശസ്ഥാപനങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ കിലയുടെ നേതൃത്വത്തില്‍ കൈപ്പുസ്തകം തയ്യാറാക്കും. വ്യവസായ സംരംഭങ്ങള്‍ക്ക് ഏകജാലക സംവിധാനം വഴി അനുമതി നല്‍കിയാല്‍ തദ്ദേശസ്ഥാപനങ്ങളും അവ മാനിക്കാന്‍ ബാധ്യസ്ഥരാണ്. ഈസ് ഓഫ് ഡൂയിങ് ബിസിനസ് നയത്തിന്റെ ഭാഗമായും നിയമഭേദഗതികളുടെ ഫലമായും വന്നിട്ടുള്ള വ്യവസായ സൗഹ്യദാന്തരീക്ഷത്തില്‍ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനം ഗ്രാമ പഞ്ചായത്തുകള്‍ സ്വീകരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി.

മന്ത്രിമാര്‍ക്ക് പുറമേ അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ ഇളങ്കോവന്‍ എന്നിവരും പങ്കെടുത്തു.

Tags: