എ വി ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടേക്കും; നാളെ വാര്‍ത്താസമ്മേളനം, സ്വീകരിക്കാന്‍ സിപിഎം

പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് അംഗങ്ങളുമായും തന്നെ അനുകൂലിക്കുന്ന മറ്റുനേതാക്കളേയും കണ്ട ശേഷമാണ് ഗോപിനാഥ് വാര്‍ത്താസമ്മേളനം വിളിച്ചത്.

Update: 2021-08-29 16:43 GMT

പാലക്കാട്: ഡിസിസി പുനസംഘടനയില്‍ കോണ്‍ഗ്രസിലുണ്ടായ കലാപം രാജിയിലേക്ക് നീളുന്നു. പാലക്കാട് ഡിസിസി അധ്യക്ഷ സ്ഥാനം ലഭിക്കാതിരുന്ന എ വി ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് സൂചന.

നാളെ രാവിലെ അദ്ദേഹം വാര്‍ത്താസമ്മേളനം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന പെരിങ്ങോട്ടുകുറിശ്ശിയിലെ 11 പഞ്ചായത്ത് അംഗങ്ങളും ഗോപിനാഥിനൊപ്പം പാര്‍ട്ടി വിട്ടേക്കും. ഗോപിനാഥിനൊപ്പം ഉറച്ച് നില്‍ക്കുമെന്നും അദ്ദേഹമെടുക്കുന്ന ഏത് തീരുമാനവും ഉള്‍ക്കൊള്ളുമെന്നുമാണ് ഇവര്‍ അറിയിച്ചിട്ടുള്ളത്.

ഗോപിനാഥിനെ തഴഞ്ഞ് എ തങ്കപ്പനെയാണ് കോണ്‍ഗ്രസ് ഡിസിസി അധ്യക്ഷനായി തിരഞ്ഞെടുത്തിട്ടുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ നേതൃത്വവുമായി ഇടഞ്ഞ് പാര്‍ട്ടി വിടാനൊരുങ്ങിയ ഗോപിനാഥിനെ ഡിസിസി അധ്യക്ഷ സ്ഥാനം നല്‍കാമെന്നടക്കം പറഞ്ഞാണ് നേതാക്കള്‍ അനുയയിപ്പിച്ച് നിര്‍ത്തിയിരുന്നത്. പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് അംഗങ്ങളുമായും തന്നെ അനുകൂലിക്കുന്ന മറ്റുനേതാക്കളേയും കണ്ട ശേഷമാണ് ഗോപിനാഥ് വാര്‍ത്താസമ്മേളനം വിളിച്ചത്.

ഇതിനിടെ കോണ്‍ഗ്രസിലെ തര്‍ക്കം മുതലെടുക്കാനുള്ള നീക്കങ്ങളുമായി സിപിഎമ്മും രംഗത്തെത്തി. ഗോപിനാഥിനെ പാര്‍ട്ടിയിലെത്തിക്കാന്‍ സിപിഎം ചര്‍ച്ചകള്‍ നടത്തിവരുന്നതായാണ് വിവരം. ഗോപിനാഥിനേയും അദ്ദേഹത്തെ അനുകൂലിക്കുന്നവരേയും ഒപ്പം നിര്‍ത്തുന്നതിലൂടെ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് ഭരണം പിടിക്കാന്‍ സിപിഎമ്മിനാകും. സിപിഎം നേതാവും മുന്‍ മന്ത്രിയുമായി എ കെ ബാലനും ചില സൂചനകള്‍ നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസ് അതിന്റെ നാശത്തിലേക്ക് എത്തിയിരിക്കുന്നു. അതുകൊണ്ട് പല സ്ഥലത്തും കോണ്‍ഗ്രസ് പൊട്ടിത്തെറിക്കാന്‍ പോവുകയാണ്. അതിന്റെ തുടക്കം പാലക്കാട്ടായിരിക്കുമെന്നാണ് തോന്നുന്നതെന്നും ബാലന്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.