ബിവറേജിൽ നിന്ന് ബില്ല് ചോദിച്ചതിന് ഓട്ടോത്തെഴിലാളിക്ക് മർദ്ദനം; പരാതി മുക്കി ഫറോക്ക് പോലിസ്

സുധീഷ് ഫറോക്ക് പോലിസിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൻമേൽ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് രണ്ട് ദിവസം കഴിഞ്ഞ് പോലിസ് സ്റ്റേഷനിൽ എത്തിയപ്പോൾ പരാതി കാണാനില്ലെന്നായിരുന്നു മറുപടി.

Update: 2021-03-29 06:08 GMT

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര ബീവറേജ് ഔട്ലെറ്റിൽ നിന്നും വാങ്ങിയ മദ്യത്തിന്റെ ബിൽ ചോദിച്ചപ്പോൾ ജീവനക്കാരൻ അസഭ്യം വിളിക്കുകയും, ആകാരണമായി മർദിക്കുകയും ചെയ്തതായി പരാതി. രേഖാമൂലം പോലിസിൽ പരാതി നൽകിയിട്ടും പോലിസ് പരാതി മുക്കിയതായി ആരോപണം.

മാർച്ച് 21നാണ് തേഞ്ഞിപ്പാലം സ്വദേശി സുധീഷിന് അകാരണമായി മർദ്ദനമേറ്റത്. 21ാം തിയ്യതി ഉച്ചയ്ക്ക് 12 നും 2 മണിക്കും ഇടയിലാണ് ഈ അക്രമം നടന്നതെന്ന് ചൂണ്ടിക്കാട്ടി സുധീഷ് ഫറോക്ക് പോലിസിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൻമേൽ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് രണ്ട് ദിവസം കഴിഞ്ഞ് പോലിസ് സ്റ്റേഷനിൽ എത്തിയപ്പോൾ പരാതി കാണാനില്ലെന്നായിരുന്നു മറുപടി.

സ്റ്റേഷൻ പിആർഒ ആണ് ഇക്കാര്യം പറഞ്ഞത്. പിന്നീട് വീണ്ടും പരാതി എഴുതി നൽകാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് വീണ്ടും എഴുതി നൽകിയെങ്കിലും പരാതി ലഭിച്ചെന്ന രസീതി നൽകുവാൻ പിആർഒ തയ്യാറായില്ല. സ്റ്റേഷൻ ഹൗസ് ഓഫീസർ ഇല്ലെന്ന കാരണം കാണിച്ചാണ് രസീതി നൽകാതിരുന്നതെന്ന് സുധീഷ് പറയുന്നു. പരാതിയിൻമേൽ ഒരു നിയമ നടപടിയും സ്വീകരിക്കാത്തതിനാൽ മേലുദ്യോ​ഗസ്ഥർക്ക് പരാതി നൽകുവാൻ ഒരുങ്ങുകയാണ് സുധീഷ്.