കോഴിക്കോട്: വായ്പയെടുത്തു വാങ്ങിയ ഓട്ടോറിക്ഷ സ്റ്റാന്‍ഡില്‍ വയ്ക്കാന്‍ അനുവദിക്കില്ലെന്നു ഭീഷണിയെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവര്‍ ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ സിപിഎം പ്രാദേശിക നേതാക്കളായ രണ്ടുപേര്‍ കസ്റ്റഡിയിലെന്നു സൂചന. എലത്തൂര്‍ സ്വദേശിയായ രാജേഷ് ആത്മഹത്യയ്ക്കു ശ്രമിച്ച കേസിലാണ് ഒളിവിലായിരുന്ന ഒ കെ ശ്രീലേഷ്, ഷൈജു കാവോത്ത് എന്നിവരെ കസ്റ്റഡിയിലെടുത്തത്. ബന്ധുവീട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയതെന്നാണു സൂചന. ആത്മഹത്യയ്ക്കു ശ്രമിച്ച രാജേഷ് ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. 70 ശതമാനത്തോളം പൊള്ളലേറ്റതിനാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടാഴ്ച മുമ്പ് ഓട്ടോറിക്ഷ വാങ്ങിയ യുവാവ് പെര്‍മിറ്റ് ഉള്‍പ്പെടെയുള്ളവ ശരിയാക്കി സ്റ്റാന്‍ഡിലെത്തിയപ്പോള്‍ ഓട്ടോ ഡ്രൈവര്‍മാരുമായി തര്‍ക്കമുണ്ടാവുരയായിരുന്നു. രാജേഷിന്റെ ഓട്ടോറിക്ഷ സ്റ്റാന്‍ഡില്‍ വയ്ക്കാന്‍ അനുവദിക്കില്ലെന്ന് മറ്റു ഓട്ടോ ഡ്രൈവര്‍മാര്‍ പറഞ്ഞു. ഇത് അവഗണിച്ച് ഓട്ടോ സര്‍വീസ് നടത്തിയപ്പോള്‍ ദിവസങ്ങള്‍ക്കു മുമ്പ് രാജേഷിനെ ഒരുസംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. സംഭവത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണു ആരോപണം. ഇതില്‍ മനംനൊന്ത് ആത്മഹത്യയ്ക്കു ശ്രമിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.