അതുല്യയുടെ മരണം: പ്രതിയുടെ ജാമ്യം റദ്ദാക്കി ചോദ്യം ചെയ്യണമെന്ന് പിതാവ്

Update: 2025-09-01 07:28 GMT

കൊല്ലം: ഷാര്‍ജയിലെ അതുല്യയുടെ മരണത്തില്‍ ഭര്‍ത്താവായ സതീഷിന്റെ ജാമ്യം റദ്ദാക്കണമെന്നും ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും കുടുംബം. പുതുതായി പുറത്ത് വന്നതടക്കമുള്ള ദൃശ്യങ്ങള്‍ സതീഷാണ് അതുല്യയുടെ മരണത്തിന് പിന്നിലുള്ളത് എന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സത്യം പുറത്തുവരും എന്നാണ് പ്രതീക്ഷ എന്നും രാജശേഖരന്‍ പിള്ള പറഞ്ഞു.

'അതുല്യയെ കൊലപ്പെടുത്തുമെന്ന് സതീഷ് പറയുന്ന ദൃശ്യങ്ങളുണ്ട്. കുത്തികൊലപ്പെടുത്തുമെന്നും ക്വട്ടേഷന്‍ കൊടുക്കുമെന്നും അയാള്‍ പറയുന്നുണ്ട്. എങ്ങനെയാണ് പ്രതി മകളെ വക വരുത്തിയത് എന്ന് അറിയണം. ഈ ദൃശ്യങ്ങളെ അടിസ്ഥാനമാക്കി അന്വേഷണ ഉദ്യോഗസ്ഥര്‍ സതീഷിനെ ചോദ്യം ചെയ്യണം' രാജശേഖരന്‍ പിള്ള പറഞ്ഞു. ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ സത്യം പുറത്തു വരുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജൂലൈ 19 ന് ഷാര്‍ജ റോളയിലായിരുന്നു അതുല്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അതുല്യയെ ഭര്‍ത്താവ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. കുടുംബം ക്രൈംബ്രാഞ്ചിന് കൈമാറിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പത്ത് വര്‍ഷം ക്രൂരപീഡനം സഹിച്ചെന്ന് അതുല്യ വീഡിയോയില്‍ പറയുന്നുണ്ട്. വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവ് സതീശ് അതുല്യയെ മര്‍ദിക്കുന്നുമുണ്ട്. ഷാര്‍ജയില്‍ നിന്ന് പോകാന്‍ നോക്കിയാല്‍ അതുല്യയെ കുത്തിക്കൊന്ന് കൊലവിളിച്ച് ജയിലില്‍ പോകുമെന്നും അല്ലെങ്കില്‍ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുക്കുമെന്നും സതീശ് കൊലവിളി നടത്തുന്നതും വിഡിയോയില്‍ കാണാം.





Tags: