എസ്ഡിപിഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച സംഭവം; പ്രതികള്‍ കര്‍ണാടകയിലേക്ക് കടന്നതായി സൂചന

Update: 2021-09-15 06:40 GMT

കാസര്‍കോട്: കുമ്പള കൊടിയമ്മയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ കര്‍ണാടകയിലേക്ക് കടന്നതായി സൂചന. വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം കര്‍ണാടകയിലേക്ക് തിരിച്ചു. ആരിക്കാടി കടവത്തെ എസ്ഡിപിഐ ബ്രാഞ്ച് പ്രസിഡന്റ് സൈനുദ്ദീ(30) നായിരുന്നു കുത്തേറ്റത്. ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച സൈനുദ്ദീനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിട്ടുണ്ട്. ഇദ്ദേഹം അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

കോയിപ്പാടി കടപ്പുറത്തെ ശാക്കിര്‍ വധക്കേസിലെ പ്രതിയായ ബാസിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സൈനുദ്ദീനെ വധിക്കാന്‍ ശ്രമിച്ചതെന്നാണ് പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. അബ്ദുല്‍ സലാം വധക്കേസിലെ പ്രതി അനിലാണ് കൂട്ടുപ്രതി. ബാസിത്, അനില്‍ കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേര്‍ എന്നിവര്‍ക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. ബാസിത്തിന്റെ നേതൃത്വത്തിലുള്ള കഞ്ചാവ് മാഫിയാസംഘത്തെ എതിര്‍ത്തതാണ് അക്രമത്തിനു കാരണം. തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെ കൊടിയമ്മയിലാണ് സംഭവം നടന്നത്.

റോഡരികില്‍ നില്‍ക്കുകയായിരുന്ന സൈനുദ്ദീനെ കാറിലെത്തിയ നാലംഗസംഘത്തിലെ കൊലക്കേസ് പ്രതിയായ ബാസിത്ത് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. പരിക്കേറ്റ സൈനുദ്ദീനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. കുമ്പള എസ്‌ഐ വി കെ അനീഷിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. അക്രമത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രകടനം നടത്തി.

Tags:    

Similar News