പെരിന്തല്‍മണ്ണയില്‍ യുവാക്കളെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം, പിന്നില്‍ ഫുട്‌ബോള്‍ മല്‍സരത്തിനിടെയുണ്ടായ സംഘര്‍ഷം
മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണ താഴേക്കോട് യുവാക്കളെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം. നാട്ടുകല്‍ സ്വദേശികളായ യുവാക്കള്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ ഇടിപ്പിച്ചാണ് അപായപ്പെടുത്താന്‍ ശ്രമിച്ചത്. റോഡില്‍ തലകീഴായി മറിഞ്ഞ കാറില്‍ നിന്നും നാട്ടുകാരാണ് യുവാക്കളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയത്. ഗുരുതരമായി പരിക്കേറ്റ നാട്ടുകല്‍ സ്വദേശികളായ മുഹമ്മദ് ഇര്‍ഫാന്‍, മുഹമ്മദ് ഷമീല്‍, സല്‍മാനുല്‍ ഫാരിസ് എന്നിവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടമുണ്ടാക്കുന്നതിനു മുമ്പ് പ്രതികള്‍ വടിവാളുപയോഗിച്ച് കാറിലുണ്ടായിരുന്ന യുവാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി പോലിസ് പറഞ്ഞു. രണ്ട് മാസം മുമ്പ് ഫുട്‌ബോള്‍ മല്‍സരത്തിനിടെ ഇരു സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഈ അക്രമമെന്നും പോലിസ് അറിയിച്ചു. പ്രതികള്‍ക്കായി പെരിന്തല്‍മണ്ണ പോലിസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.