പത്തനംതിട്ടയില്‍ ലഹരിവേട്ടയ്ക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; രണ്ട് പേര്‍ പിടിയില്‍
പത്തനംതിട്ട: ജില്ലയില്‍ കഞ്ചാവ് വേട്ടയ്ക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥനെ കാറിടിച്ച് വീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് യുവാക്കള്‍ പിടിയിലായി. പത്തനംതിട്ട സ്വദേശികളായ നസീബ് സുലൈമാന്‍, ആസിഫ് എന്നിവരെയാണ് പോലിസ് അതിസാഹസികമായി പിടികൂടിയത്.
രഹസ്യവിവരത്തെത്തുടര്‍ന്ന് കഞ്ചാവ് പിടികൂടാനെത്തിയ എക്‌സൈസ് സംഘത്തിന് നേരെയാണ് പ്രതികള്‍ ആക്രമണം അഴിച്ചുവിട്ടത്. ഉദ്യോഗസ്ഥര്‍ വാഹനത്തിന് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയ പ്രതികള്‍, തടയാന്‍ ശ്രമിച്ച എക്‌സൈസ് ഉദ്യോഗസ്ഥനായ ആനന്ദിനെ കാറിടിച്ച് വീഴ്ത്തുകയായിരുന്നു. നിലത്തുവീണ ആനന്ദിന്റെ ദേഹത്തുകൂടി കാര്‍ കയറ്റി ഇറക്കാന്‍ പ്രതികള്‍ ശ്രമിച്ചെങ്കിലും അദ്ദേഹം വശത്തേക്ക് ഉരുണ്ടുമാറിയതിനാല്‍ തലനാരിഴയ്ക്കാണ് ജീവന്‍ രക്ഷപ്പെട്ടത്.
ഗുരുതരമായി പരിക്കേറ്റ ആനന്ദിന്റെ കാലിന് രണ്ട് ഭാഗങ്ങളില്‍ പൊട്ടലുണ്ട്. ആക്രമണത്തിന് ശേഷം സ്ഥലത്തുനിന്ന് കടന്നുകളയാന്‍ ശ്രമിച്ച പ്രതികളെ ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പ്രതികളുടെ പക്കല്‍ നിന്നും കഞ്ചാവ് കണ്ടെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രതികള്‍ക്കെതിരെ വധശ്രമത്തിനും ലഹരിക്കടത്തിനും കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.