വനിതാ എസ്‌ഐയെ കൈയേറ്റം ചെയ്യാന്‍ ശ്രമം; കോട്ടയത്ത് അഭിഭാഷകന്‍ അറസ്റ്റില്‍

വിപിനും സുഹൃത്തുക്കളും സഞ്ചരിച്ച കാറില്‍നിന്നും വാഹനപരിശോധനയ്ക്കിടെ മദ്യക്കുപ്പികള്‍ പോലിസ് കണ്ടെടുത്തിരുന്നു.

Update: 2020-11-16 09:36 GMT

കോട്ടയം: വനിതാ എസ്ഐയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച അഭിഭാഷകന്‍ അറസ്റ്റിലായി. അഡ്വ.വിപിന്‍ ആന്റണിയാണ് അറസ്റ്റിലായത്. കോട്ടയം പാലായ്ക്കടുത്ത് രാമപുരത്താണ് സംഭവം. വിപിനും സുഹൃത്തുക്കളും സഞ്ചരിച്ച കാറില്‍നിന്നും വാഹനപരിശോധനയ്ക്കിടെ മദ്യക്കുപ്പികള്‍ പോലിസ് കണ്ടെടുത്തിരുന്നു.

തുടര്‍ന്ന് വാഹനത്തില്‍നിന്നിറങ്ങിയ വിപിന്‍ വനിതാ പോലിസ് ഉദ്യോഗസ്ഥയായ ഡിനിയോട് അപമര്യാദയായി പെരുമാറുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. വിപിന്‍ മദ്യലഹരിയിലായിരുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നവര്‍ സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടു. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലിസ്. ഉന്നതപോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വിപിന്‍ ആന്റണിയെ റിമാന്‍ഡ് ചെയ്തു.

Tags: