അട്ടപ്പാടിയിലെ മാവോവാദി വേട്ട: വ്യാജ ഏറ്റുമുട്ടലെന്ന് ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ നേതാവ്

മാവോവാദികളുടെ ഭാഗത്തുനിന്ന് പ്രകോപനപരമായിട്ട് പോലിസിനെതിരേ ഒന്നുമുണ്ടായിട്ടില്ല. മാവോവാദികള്‍ ഭക്ഷണത്തിനു വേണ്ടിയും മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വേണ്ടിയുമാണ് ഊരുകളില്‍ വരുന്നതെന്നാണ് പറയപ്പെടുന്നത്.

Update: 2019-10-30 06:49 GMT

പാലക്കാട്: അട്ടപ്പാടിയില്‍ വ്യാജ ഏറ്റുമുട്ടലിലൂടെയാണ് മാവോവാദികളെ കൊലപ്പെടുത്തിയതെന്ന വെളിപ്പെടുത്തലുമായി ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ നേതാവ് മുരുകന്‍ രംഗത്ത്. ഒരു സ്വകാര്യചാനലിനോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പോലിസുമായുള്ള ഏറ്റുമുട്ടലിലാണ് മാവോവാദികള്‍ കൊല്ലപ്പെട്ടതെന്നായിരുന്നു റിപോര്‍ട്ടുകള്‍. ആദ്യം വെടിവച്ചത് മാവോവാദികളാണെന്നും സ്വയരക്ഷയ്ക്കായാണ് തണ്ടര്‍ബോള്‍ട്ട് വെടിവച്ചതെന്നും നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കൊല്ലപ്പെട്ട മാവോവാദികള്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നുവെന്നും യഥാര്‍ഥത്തില്‍ വ്യാജമായിട്ടുള്ള ഏറ്റുമുട്ടലാണെന്നുമുള്ള വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നത്. ആദിവാസികളില്‍ ചിലരെ ദൂതരാക്കി മാവോവാദികളുമായി പോലിസ് ചര്‍ച്ച നടത്തിയിരുന്നു.

അഗളി മുന്‍ എസ്പിയാണ് ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കിയത്. മഞ്ചിക്കണ്ടി വനമേഖലയില്‍ വര്‍ഷങ്ങളായി മാവോവാദികള്‍ വന്ന് തമ്പടിക്കുന്നതായാണ് പറയപ്പെടുന്നത്. നമ്മളാരും ഇതുവരെ കണ്ടിട്ടില്ല. പോലിസ് വളരെ ആസൂത്രിതമായി നീക്കങ്ങള്‍ നടത്തി മാവോവാദികളെ കൊലപ്പെടുത്തിയതാണെന്നാണ് വ്യക്തമാക്കാനുള്ളത്. കാരണം, മാവോവാദികളുടെ ഭാഗത്തുനിന്ന് പ്രകോപനപരമായിട്ട് പോലിസിനെതിരേ ഒന്നുമുണ്ടായിട്ടില്ല. മാവോവാദികള്‍ ഭക്ഷണത്തിനു വേണ്ടിയും മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വേണ്ടിയുമാണ് ഊരുകളില്‍ വരുന്നതെന്നാണ് പറയപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തില്‍ മാവോവാദികള്‍ കീഴടങ്ങാന്‍ വേണ്ട ഇടപെടലാണ് പോലിസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടത്. കഴിഞ്ഞ മാസങ്ങളില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. അവര്‍ കീഴടങ്ങാന്‍ മാനസികമായി തയ്യാറായിരുന്നുവെന്നും മുരുകന്‍ കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News